അഭിമാന കേരളം’; വാക്സിൻ ചലഞ്ചിലൂടെ ജനങ്ങൾ നൽകിയത് 817 കോടി രൂപ
തിരുവനന്തപുരം:
വാക്സിൻ ചലഞ്ചിലൂടെ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 817.50 കോടി രൂപ. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്സീൻ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി ചെലവാക്കി. ഇതുവരെ വാക്സിൻ കമ്പനികളിൽ നിന്നും സംഭരിച്ച 8,84,290 ഡോസിന്റെ വിലയാണ് സർക്കാർ നൽകിയിട്ടുള്ളത്.
ആകെ 13,42,540 ഡോസ് വാക്സീനാണ് സർക്കാർ നേരിട്ടു സംഭരിച്ചത്. കമ്പനികളിൽ നിന്നു നേരിട്ട് വാക്സീൻ സംഭരിക്കുന്നതിനായി 29.29 കോടി രൂപയാണ് ചെലവഴിച്ചത്.
കേന്ദ്ര സർക്കാർ വാക്സിൻ വിലയിടുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ വാക്സിൻ ചലഞ്ചിന് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ പൗരന്മാർക്ക് പൂർണമായും സൗജന്യ നിരക്കിൽ വാക്സിൻ നൽകാനായിരുന്നു പദ്ധതി. പിന്നീട് കേന്ദ്രം വാക്സിൻ നയം പുതുക്കിയെങ്കിലും സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി ചലഞ്ച് തുടർന്നു. ബീഡി തൊഴിലാളികളും വിദ്യാർത്ഥികളും വ്യവസായികളും ചലഞ്ച് ഏറ്റെടുത്തു. പ്രവാസികളും ചലഞ്ചിലേക്ക് പണം നൽകിയിരുന്നു. സംസ്ഥാനത്ത് ആർക്കും പണമില്ലാത്ത കൊവിഡ് ചികിത്സയോ വാക്സിനോ ലഭിക്കാതിരിക്കരുതെന്നായിരുന്നു ക്യാംപെയ്ൻ. സോഷ്യൽ മീഡിയ കൂടി ക്യാംപെയൻ ഏറ്റെടുത്തതോടെ ചലഞ്ച് വൻ വിജയമായി തീരുകയായിരുന്നു. നേരത്തെ പ്രളയ സമയത്തും സമാന രീതിയിൽ ജനങ്ങൾ ധനസമാഹരണം നടത്തിയിരുന്നു.
No comments
Post a Comment