ആറുപേര്‍ക്കുകൂടി നിപ രോഗലക്ഷണം; സമ്പര്‍ക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 251 ആയി, ഹെെറിസ്ക് വിഭാഗത്തില്‍ 32 പേർ
കോഴിക്കോട്:
സംസ്ഥാനത്ത് കൂടുതല്‍പേര്‍ക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറുപേര്‍ക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ ആകെ എട്ടുപേരിലാണ് രോഗലക്ഷണം പ്രകമായിരിക്കുന്നത്. ഹെെറിസ്ക് വിഭാഗത്തിലുള്ള 32 പേരെ ആശുപത്രിയിലേക്ക് മാറ്റി. സമ്പര്‍ക്കപ്പട്ടികയില്‍ 63പേരെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 251 ആയി വര്‍ദ്ധിച്ചു. ഇന്ന് പുനെയിലേക്ക് അയച്ച സമ്പര്‍ക്ക പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം വൈകീട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കോഴിക്കോട് ജില്ലയിലെത്തുക. ഡോ റിമ ആര്‍ ആണ് വിദഗ്ദധ സംഘത്തെ നയിക്കുന്നത്. നേരത്തെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ രോഗം ബാധിച്ച മരിച്ച കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. നിലവില്‍ രോഗ വ്യാപനം രൂക്ഷമല്ലെന്നാണ് ആദ്യ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനു അസുഖം ബാധിച്ചത് നിപയുമായി ഒരു ബന്ധവുമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എന്‍.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
No comments
Post a Comment