രാജ്യത്ത് പ്ളാസ്റ്റിക് നിരോധനം ഇന്നുമുതല്‍ നിലവില്‍ വരും: നിയമലംഘനത്തിന് പിഴ 50,000 രൂപ
രാജ്യത്ത് പ്ളാസ്റ്റിക് നിരോധനം ഇന്നുമുതല്‍ നിലവില്‍ വരും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍, 60 ഗ്രാം പെര്‍ സ്ക്വയര്‍ മീറ്ററില്‍ കുറഞ്ഞ നോണ്‍-വൂവണ്‍ ബാഗുകള്‍ എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തില്‍ നിരോധനം വരുന്നത്. 2022 ജൂലായ് ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രാജ്യത്ത് നിരോധിക്കും. ഇതിന്റെ ആദ്യഘട്ടമാണ് ഇന്ന് മുതല്‍ നടപ്പിലാവുന്നത്.
ഡിസംബര്‍ 31 മുതലാണ് രണ്ടാംഘട്ടം. ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല. ആദ്യതവണ നിയമലംഘനത്തിന് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പിഴ 10,000 രൂപയാണ്. ആവര്‍ത്തിച്ചാല്‍ 25,000 രൂപ പിഴ നല്‍കണം. തുടര്‍ന്നുള്ള ലംഘനത്തിന് 50,000 രൂപയാണ് പിഴ. നിയമലംഘനം തുടര്‍ന്നാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. വീണ്ടും പ്രവര്‍ത്തനാനുമതി ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിതകാലത്തേക്ക് നിരാകരിക്കും.
അതേസമയം 2020 ജനുവരി ഒന്നുമുതൽ നിരോധനം നിലവിൽ വന്നതിന്റെ ആദ്യ നാളുകളിൽ പരിശോധന കർശനമായിരുന്നുവെങ്കിലും പതിയെപ്പതിയെ ഇവ തിരികെവന്നു. കേരളത്തിൽ നോൺ-വൂവൺ കാരി ബാഗുകൾ ഉൾപ്പെടെ 120 മൈക്രോണിൽ താഴെയുള്ളവ പൂർണമായി നിരോധിച്ചിരുന്നു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ മാലിന്യം കൈകാര്യംചെയ്യാനും മറ്റും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ടി വന്നതോടെ നിരോധനം പാളി. നിലവിൽ രാജ്യത്തും നിരോധനം നിലവിൽ വന്നതോടെ പരിശോധന ശക്തമാക്കാനാണ് കേരളത്തിലും തീരുമാനം. തദ്ദേശവകുപ്പ് സെക്രട്ടറിമാർക്ക് സർക്കാർ, നിർദേശം നൽകി. ബദൽ ഉത്പന്നങ്ങൾ യഥേഷ്ടം എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
No comments
Post a Comment