വീട്ടിലെ ദയനീയ സ്ഥിതി പറഞ്ഞ് പത്താം ക്ലാസുകാരിയില്‍ നിന്നും തട്ടിയെടുത്തത് 75 പവന്‍: യുവാവും അമ്മയും അറസ്റ്റില്‍
ആറ്റിങ്ങല്‍:
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയില്‍ നിന്നും 75 പവന്‍ തട്ടിയെടുത്ത യുവാവും അമ്മയും അറസ്റ്റിലായി. മണമ്പൂര്‍ കവലയൂര്‍ എന്‍ എസ് ലാന്‍ഡില്‍ ഷിബിന്‍ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട ആറ്റിങ്ങല്‍ സ്വദേശിയായ പതിനഞ്ചുകാരിയാണു തട്ടിപ്പിനിരയായത്. രണ്ട് വര്‍ഷം മുന്‍പാണ് ഷിബിന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകള്‍ വിവരിച്ച് ഷിബിന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി കാര്യങ്ങള്‍ തിരക്കി. വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്നു പെണ്‍കുട്ടിയില്‍ നിന്നു മനസ്സിലാക്കിയ ഷിബിന്‍ അത് ആവശ്യപ്പെട്ടു. അലമാരയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പെണ്‍കുട്ടി എത്തിച്ചു കൊടുക്കുകയായിരുന്നു. കുട്ടിയുടെ അമ്മ കട്ടിലിന്‍റെ അടിയിലെ അറയില്‍ രഹസ്യമായി സൂക്ഷിച്ച സ്വര്‍ണമാണ് നല്‍കിയത്. ഷിബിന്‍ ഈ സ്വര്‍ണം ഷിബിന്‍റെ അമ്മയുടെ സഹായത്തോടെ വില്‍ക്കുകയും പിന്നീട് വീട് നന്നാക്കുകയും ബാക്കി വന്ന 9.8 ലക്ഷം രൂപ വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു. പരിശോധനയില്‍ 9,80,000 രൂപ യുവാവിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മ സ്വര്‍ണം നോക്കിയപ്പോള്‍ കാണാനില്ല. അപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കി. ഷിബിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡും ചെയ്തു. 75 പവന്‍ സ്വര്‍ണം തനിക്ക് നല്‍കിയില്ലെന്നും 27 പവന്‍ സ്വര്‍ണമാണ് പെണ്‍കുട്ടി തനിക്ക് നല്‍കിയതെന്നുമാണ് ഷിബിന്‍റെ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസിനെ കുഴക്കുന്നുണ്ട്. ആകെയുണ്ടായ 75 പവന്‍ സ്വര്‍ണത്തില്‍ 40 പവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട്ടെ ഈ യുവാവിന് നല്‍കിയെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. സ്വര്‍ണം കിട്ടിയ ഉടന്‍ പാലക്കാട്ടെ യുവാവ് ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തതായും പെണ്‍കുട്ടി പറയുന്നു.
എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. പക്ഷേ 75 പവന്‍ കിട്ടിയെന്ന് ഷിബിനും സമ്മതിക്കുന്നുമില്ല. ആകെ 75 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ഇനി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യം പുറത്ത് വരൂ എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്. ഒരു കൊല്ലമായിട്ടും 75 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടത് അമ്മ അറിഞ്ഞില്ല എന്ന് പറയുന്നതിലും പോലീസിന് വ്യക്തത വന്നിട്ടില്ല.
No comments
Post a Comment