ഞായറാഴ്ച ലോക്ക് ഡൗൺ പിൻവലിച്ചേക്കും; ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ഞായറാഴ്ച ലോക്ക് ഡൗൺ, രാത്രി കര്‍ഫ്യൂ എന്നിവ തുടരുന്ന കാര്യത്തില്‍ യോഗത്തിൽ തീരുമാനമുണ്ടാകും. ജനജീവിതം സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതിനാൽ വാരാന്ത്യ ലോക്ക് ഡൗൺ അടക്കം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും എന്നാണ് സൂചന. സ്കൂളുകള്‍ തുറക്കുന്നത് പരിശോധിക്കാനുള്ള വിദ്ഗധ സമിതിയെക്കുറിച്ചും യോഗം ചർച്ച ചെയ്യും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക് മൂന്നരക്കാണ് കോവിഡ് അവലോകന യോഗം ചേരുക. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കര്‍ഫ്യൂവും പിൻവലിക്കാമെന്ന് രാജ്യത്തെ പല വിദഗ്ധരും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സർക്കാർ ഇളവുകളിൽ തീരുമാനമെടുക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി.
കോവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളേയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
No comments
Post a Comment