Header Ads

  • Breaking News

    കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്, ബന്ധുക്കളെത്തിയപ്പോൾ മരിച്ചയാൾ ജീവനോടെ; നടപടി

     


    തിരുവനന്തപുരം: 

    ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ വീണ്ടും അധികൃതരുടെ ഗുരുതര വീഴ്ച. ചികിത്സയിലുള്ള രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായി വിവരം നല്‍കി. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജില്‍ നിന്നും രാത്രി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇന്ന് മൃതദേഹം കൈമാറാമെന്നും, ആംബുലന്‍സുമായി എത്താനുമായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ബന്ധുക്കള്‍ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തി.

    ആംബുലന്‍സുമായി എത്തിയപ്പോഴാണ് രമണന്‍ മരിച്ചിട്ടില്ലെന്നും വെന്‍റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ കണ്ടപ്പോള്‍ പരാതി എഴുതി നല്‍കാന്‍ നിര്‍ദേശിച്ചു. ഇന്നലെയും ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ അധികൃതരുടെ വീഴ്ചയുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതും വിവാദമായിരുന്നു. ചേര്‍ത്തല സ്വദേശി കുമാരന്‍റെ ബന്ധുക്കള്‍ക്കാണ് മൃതദേഹം മാറി നല്‍കിയത്.

    കുമാരന്‍റെ മൃതദേഹത്തിന് പകരം കായംകുളം കൃഷ്ണപുരം മുണ്ടകത്തറ തെക്കതില്‍ രമണന്‍റെ (70) മൃതദേഹമാണു നല്‍കിയത്. ചേര്‍ത്തലയില്‍ കൊണ്ടുപോയ മൃതദേഹം കുമാരന്‍റേതല്ലെന്നു തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ രാത്രി പത്തു മണിയോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുമാരന്‍റെ മൃതദേഹം അപ്പോഴും കൊവിഡ് വാര്‍ഡില്‍ ഉണ്ടായിരുന്നു. ഇതേത്തടുര്‍ന്ന് രാത്രി മെഡിക്കല്‍ കോളെജില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. 

    No comments

    Post Top Ad

    Post Bottom Ad