പൊലീസ് അസോസിയേഷന് പരാതിയുണ്ടെങ്കിൽ പാർലമെന്റിൽ വന്ന് പരാതി നൽകാം: സുരേഷ് ഗോപി
ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ച വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി എം.പി. സംഭവം വിവാദമാക്കിയത് മാധ്യമങ്ങൾ ആണെന്നും സല്യൂട്ട് ചെയ്ത പൊലീസുകാരന് പരാതിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പൊലീസ് അസോസിയേഷൻ ജനാധിപത്യ സംവിധാനത്തിൽ പെടുന്നില്ല എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. സല്യൂട്ട് വിഷയത്തിൽ പൊലീസ് അസോസിയേഷന് പരാതിയുണ്ടെങ്കിൽ പാർലമെന്റിൽ വന്ന് രാജ്യസഭാ ചെയർമാന് പരാതി നൽകാമെന്നും അപ്പോൾ കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ ബിഷപ്പിനെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുരേഷ് ഗോപി എംപി. ബിഷപ്പുമായി സൗഹൃദം പങ്കുവച്ചു. സാമൂഹിക വിഷയങ്ങൾ സംസാരിച്ചു. ഒരു മതത്തിനക്കുറിച്ചും ബിഷപ്പ് പരാമർശം നടത്തിയിട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.
പൊലീസ് അസോസിയേഷനെ ഒന്നും ജനങ്ങൾക്ക് ചുമക്കാനാവില്ല. അത് അവരുടെ ക്ഷേമത്തിന് വേണ്ടി മാത്രമുള്ളതാണ്. അത് വച്ച് രാഷ്ട്രീയം കളിക്കരുത്. എം.പിയെയും എം.എൽ.എമാരെയും ഒന്നും പൊലീസ് ഔദ്യോഗികമായി സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന് ആരാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി ചോദിച്ചു. പൊലീസിന് അത്തരം മാനദണ്ഡം നിശ്ചയിക്കാൻ ആവില്ലെന്നും ഇന്ത്യയിൽ ഒരു സംവിധാനം ഉണ്ടെന്നും അത് അനുസരിച്ചേ പറ്റൂ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
“സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന് പൊലീസിന് സർക്കാരിൽ നിന്നും ആരാണ് നിർദ്ദേശം നൽകിയത്?. ഡി.ജി.പി അല്ലെ കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമായാണ്. ഈ സല്യൂട്ട് എന്ന പരിപാടി തന്നെ അവസാനിപ്പിക്കണം. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷെ സല്യൂട്ട് നൽകുന്നതിൽ ഒരു രാഷ്ട്രീയ വിവേചനം വരുന്നത് സ്വീകരിക്കാൻ ആവില്ല. അത് ഏത് അസോസിയേഷൻ ആയാലും ശരി,” സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
No comments
Post a Comment