Header Ads

  • Breaking News

    ഓൺലൈൻ വിവാഹത്തിന് ഹൈക്കോടതിയുടെ അനുമതി; രാജ്യത്ത് ആദ്യം

    കൊച്ചി:
    ഓൺലൈൻവഴി വിവാഹം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാർട്ടിൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജിക്കാരുടെ വിവാഹം ഓൺലൈൻവഴി നടത്തുന്നതിനാണ് അനുമതി നൽകിയത്. വെർച്വൽ റിയാലിറ്റിയുടെ യുഗത്തിൽ ഓൺലൈൻവഴി വിവാഹം നടത്താൻ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാൻ മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

    രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ഒരു കോടതി, ഓൺലൈൻവഴി വധൂവരന്മാർ ഹാജരാകുന്ന വിവാഹത്തിന് അനുമതി നൽകുന്നത്. ഹർജിക്കാരുടെ കാര്യത്തിൽ വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതിനാലാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഇതോടെ ഹർജിക്കാരിയായ ധന്യ, തിരുവനന്തപുരത്തെ സബ് രജിസ്‌ട്രാർ ഓഫീസിലെത്തുമ്പോൾ വരൻ ജീവൻകുമാർ യുക്രൈനിൽ ഓൺലൈനിൽ വിവാഹത്തിനായി എത്തും.

    ഇതിനായുള്ള പ്രത്യേക നിബന്ധനകൾ:

    * സാക്ഷികളാകുന്നവർ മാര്യേജ് ഓഫീസറായ സബ് രജിസ്‌ട്രാറിനുമുന്നിൽ ഹാജരാകണം

    * ഓൺലൈനിൽ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികളാണ് തിരിച്ചറിയേണ്ടത്.

    * വിവാഹിതരാകുന്നവരുടെ പാസ്പോർട്ടോ മറ്റ് തിരിച്ചറിയൽരേഖയുടെ പകർപ്പോ മാര്യേജ് ഓഫീസർക്ക് നൽകണം

    * വിവാഹിതരാകുന്നവർ ചുമതലപ്പെടുത്തുന്നവരാണ് രേഖകളിൽ ഒപ്പിടേണ്ടത്.

    * വിവാഹത്തിനുമുന്നോടിയായുള്ള മറ്റ് നിയമപരമായനടപടികൾ പൂർത്തിയാക്കണം

    * തീയതിയും സമയവും ഓൺലൈൻ പ്ലാറ്റ് ഫോമും മാര്യേജ് ഓഫീസർക്ക് നിശ്ചയിക്കാം

    * ഓൺലൈനിൽ വിവാഹം നടത്തി നിയമപ്രകാരം സർട്ടിഫിക്കറ്റും നൽകണം

    ഹർജിക്കാരിക്കായി അഡ്വ. എ. അഹ്‌സർ ഹാജരായി.

    അന്തിമതീരുമാനം പിന്നീട്

    കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കേട്ടുമാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. ഓൺലൈൻ വഴിയുള്ള വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് അംഗീകരിക്കുന്നുണ്ടോ, ഇക്കാര്യത്തിൽ ഡിജിറ്റൽ സേവനം ആവശ്യപ്പെടാൻ പൗരൻമാർക്ക് അവകാശമുണ്ടോ, ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണോ വിവാഹം എന്നീ ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. അതിനാലാണ് ഹർജികൾ വിശദമായി പരിഗണിക്കാനായി മാറ്റിയത്.

    No comments

    Post Top Ad

    Post Bottom Ad