Header Ads

  • Breaking News

    കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി: മന്ത്രി കെ. കൃഷ്ണൻകുട്ടി

     


    ആലപ്പുഴ: 

    കാർഷിക മേഖലകളിൽ ജലസേചന പമ്പുകൾക്ക് സൗരോര്‍ജ്ജ വൈദ്യുതി ലഭ്യമാക്കുന്നതിലൂടെ കാർഷിക മേഖലയിലെ പ്രതിസന്ധി മാറ്റാൻ സാധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കുട്ടനാട് 110 കെ. വി. സബ്‌സ്റ്റേഷന്‍റെ നിര്‍മ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പത്തോ ഇരുപതോ കർഷകർ ഒരുമിച്ച് വേണം സൗരോര്‍ജ്ജ പാനൽ സ്ഥാപിക്കേണ്ടത്. മിച്ചമുള്ള വൈദ്യുതി വിറ്റ് അവർക്ക് അധിക വരുമാനവും നേടാം. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിലാണ് സൗരോര്‍ജ്ജ പാനൽ സ്ഥാപിക്കേണ്ടത്. ഓരോ വീട്ടിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചാൽ കുടുംബ ബഡ്ജറ്റില്‍ നിന്നും വൈദ്യുതി ചെലവ് മാത്രമല്ല, പാചക വാതകത്തിന്‍റെ ചെലവും വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വഴി ഇന്ധന ചെലവും ലാഭിക്കാം. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതിയുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. 

    സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 19.25 കോടി രൂപ ചെലവിലാണ് കുട്ടനാട്ടിലെ നിലവിലുള്ള 66 കെ.വി. സബ്സ്റ്റേഷൻ പ്രളയ പ്രതിരോധ ശേഷിയുള്ള 110 കെ.വി. സബ്സ്റ്റേഷനായി ഉയർത്തുന്നത്. ആലപ്പുഴ - കുട്ടനാട് 66 കെ.വി. ലൈനിന്‍റെ പൂപ്പള്ളി മുതൽ കുട്ടനാട് വരെയുള്ള അഞ്ചു കിലോമീറ്റർ 110 കെ.വി. ഡബിൾ സർക്യൂട്ടായി പുനർ നിർമിക്കും. പരമാവധി പ്രളയ ജലനിരപ്പിന് മുകളിലായാണ് പുതിയ സബ്സ്റ്റേഷൻ. പദ്ധതി പൂർത്തിയാകുന്നതോടെ കുട്ടനാട്ടിലെ മങ്കൊമ്പ്, കൈനകരി, ചമ്പക്കുളം, കിടങ്ങറ, പള്ളം പുഞ്ച ഇലക്ട്രിക്കൽ സ്റ്റേഷനുകളുടെ പരിധിയിലുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള വൈദ്യുതി തടസരഹിതമായി ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad