റേഷൻ കാർഡ് ഇനി എ.ടി.എം. കാർഡ് രൂപത്തിൽ; വിതരണം നവംബർ ഒന്നുമുതൽ
സ്മാർട്ട് റേഷൻ കാർഡിന്റെ മുൻ, പിൻ ഭാഗങ്ങൾ
തിരുവനന്തപുരം:പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിനു പകരം എ.ടി.എം. കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും.
ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാർഡിന്റെ മുൻവശത്തുണ്ടാവുക. 25 രൂപയാണ് സ്മാർട്ട് കാർഡാക്കാൻ ഫീസായി നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതുമാണ് പ്രധാന ഗുണം. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, എൽ.പി.ജി. കണക്ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുഭാഗത്തുമുണ്ട്.
താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായോ സ്മാർട്ട് കാർഡിന് അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിങ് ഓഫീസറോ അംഗീകരിച്ചാൽ കാർഡ് അപേക്ഷകന്റെ ലോഗിൻ പേജിലെത്തും. പി.ഡി.എഫ്. രൂപത്തിലുള്ള കാർഡിന്റെ പ്രിന്റൗട്ട് എടുത്ത് ഉപയോഗിക്കാം. അറിയിപ്പ് ലഭ്യമാകുമ്പോൾ ഓഫീസിലെത്തി സ്മാർട് കാർഡ് കൈപ്പറ്റാം.
ടി.എസ്.ഒ. ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവരുടെ ഫോൺ നമ്പറും കാർഡിൽ രേഖപ്പെടുത്തും. മുൻഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്ത ഇ-റേഷൻ കാർഡ് പരിഷ്കരിച്ചാണ് സ്മാർട്ട് കാർഡ് ഇറക്കുന്നത്. കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യു.ആർ. കോഡ് സ്കാനറുംവെക്കും. സ്കാൻ ചെയ്യുമ്പോൾ വിവരങ്ങൾ സ്ക്രീനിൽ തെളിയും. റേഷൻ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം.
No comments
Post a Comment