സന്തോഷം അളക്കുന്ന യന്ത്രം കണ്ടുപിടിച്ച് കുസാറ്റ് ഗവേഷക
സന്തോഷത്തിന്റെ തോത് അളക്കാന്‍ ഒരവസരമുണ്ടായാല്‍ ആരെങ്കിലും വേണ്ടെന്നു വക്കുമോ? നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന്‍ ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ്, സ്‌കീസോഫ്രീനിയ, വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കല്‍ രോഗാവസ്ഥകളിലേക്ക് നയിച്ചേക്കാം. ഡോപ്പമൈന്റെ അളവ് നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഉപകരണമുണ്ടെങ്കില്‍ ന്യൂറോളജിക്കല്‍ ചികിത്സാ രംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നുമാണ് കുസാറ്റ് ഗവേഷക 'ഡോപ്പാമീറ്റര്‍' എന്ന സെന്‍സര്‍ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേക്കെത്തിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര്‍. റിസര്‍ച്ച് അസോസിയേറ്റ് ഡോ. ശാലിനി മേനോന്‍ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് 'ഡോപ്പമീറ്റര്‍' എന്ന സെന്‍സര്‍ ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. കോഴിക്കോടുള്ള 'പ്രോച്ചിപ്പ് ടെക്‌നോളജി' എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ സഹകരണവുംഉണ്ടായിരുന്നു.
ഡോ. ശാലിനി മേനോന്‍ കുസാറ്റ് സിറ്റിക്കിലെ കേരള സര്‍ക്കാര്‍ അംഗീകാരമുള്ള സ്റ്റാര്‍ട്ടപ്പ് സംരഭമായ കെംസെന്‍സറിന്റെ സ്ഥാപകയാണ്. സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിന് 2020-ല്‍ കുസാറ്റ് റൂസ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഡോ. ശാലിനിക്ക് ലഭിച്ചിട്ടുണ്ട്. ഡോപാമൈന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ കണ്ടെത്തുന്നതിനുള്ള, ഉപയോഗിക്കാന്‍ എളുപ്പമുള്ള, പോയിന്റ് ഓഫ് കെയര്‍ സെന്‍സര്‍ ഉപകരണം നിലവില്‍ വിപണിയില്‍ ലഭ്യമല്ല. ന്യൂറോളജിക്കലായുള്ള തകരാറുകള്‍ നിര്‍ണ്ണയിക്കാന്‍ നിലവിലുള്ള രീതികള്‍ ഒരുപാട് സമയമെടുക്കുന്നവയാണ്. ചെലവേറിയ ലബോറട്ടറി ഉപകരണങ്ങളും ആവശ്യമാണ്. ഇതു പരിഹരിക്കുന്നതിനായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന്റെ സഹായത്തോടെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഉപകരണം വികസിപ്പിക്കുന്നതിനായി ഗവേഷണ സംഘം പഠനം നടത്തി വരികയാണ്.
പ്രോഗ്രാം ചെയ്യാവുന്ന ഈ ഉപകരണത്തിലെ ഡിസ്‌പോസിബിള്‍ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകള്‍ നിര്‍ണ്ണയിക്കാന്‍ കഴിയുമെന്നതാണ് പ്രധാന പ്രയോജനം. ചെലവുകുറഞ്ഞതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും കൊണ്ടു നടക്കാന്‍ കഴിയുന്നതുമായ 'ഡോപ്പാമീറ്റര്‍' പോയിന്റ് ഓഫ് കെയര്‍ രോഗനിര്‍ണ്ണയ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിക്കാം. പരിശോധനയ്ക്കായി സാമ്പിളിന്റെ ഒരു തുള്ളി മാത്രമാണ് ആവശ്യമായി വരുന്നത്. വളരെ പെട്ടെന്നു തന്നെ ഫലം നല്‍കാനും ഈ ഉപകരണത്തിന് സാധിക്കും. 'ഡോപ്പമീറ്ററി'ന്റെ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
നിരവധി സെന്‍സറുകളുടെയും സെന്‍സര്‍ ഉപകരണങ്ങളുടെയും പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കുസാറ്റ് സെന്‍സര്‍ ഗ്രൂപ്പിനു കീഴില്‍ നടന്നു വരുന്നു. 'പ്ലീസ്' പ്രോഗ്രാമിന് കീഴില്‍ സെന്‍സറുകള്‍ക്കായുള്ള കേന്ദ്രം വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ സര്‍വ്വകലാശാലക്ക് 2.5 കോടി രൂപയുടെ ഒരു പദ്ധതി അനുവദിച്ചിട്ടുണ്ട്.
No comments
Post a Comment