മാലിന്യമുക്ത കേരളമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അഞ്ച് വര്‍ഷത്തിനുള്ളില്‍ മാലിന്യപ്രശ്നം പരിഹരിച്ച് മാലിന്യമുക്ത കേരളമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മലപ്പട്ടം സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പദ്ധതി രേഖ (ഡിപിആർ) പ്രകാശനവും ഗ്രീൻകാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവി സൂചകമായ പരിപാടിയാണ് ഗ്രീൻകാർഡ് പദ്ധതിയെന്നും കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഹരിതകര്‍മ്മസേന വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു . ഇനിയങ്ങോട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യമുക്തമായ കേരളത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യം അതിന്റെ ഉറവിട കേന്ദ്രത്തില്‍ തന്നെ സംസ്‌കരിച്ച് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണം. മാലിന്യം ദൂരെ കളയുക എന്ന പഴയ ധാരണ മാറണം. മാലിന്യം മൂല്യമുള്ള വസ്തുവായി മാറി. മാലിന്യമുക്തം എന്ന് പറയുന്നതില്‍ മാലിന്യത്തെ മൂല്യവര്‍ധിത വസ്തുവാക്കുക എന്ന അര്‍ഥം കൂടി കാണണം. ശുചിത്വ കേരളം യാഥാര്‍ഥ്യമാക്കിയാല്‍ നിരവധി വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. ഇത് 10 വർഷത്തിനുള്ളിൽ സാധ്യമാക്കും. കോര്‍പ്പറേഷനും നഗരസഭകളും പഞ്ചായത്തുകളും ഇതിന് മുന്‍കൈ എടുക്കണം. ഹരിതകര്‍മ്മ സേന മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ചാണ് എടുക്കുന്നത്. അംഗങ്ങള്‍ക്ക് മാസം 8000 രൂപ എങ്കിലും നിര്‍ബന്ധമായും ലഭ്യമാക്കേണ്ടതുണ്ട്. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലുള്ള യൂസര്‍ഫീ മുഴുവന്‍ വാര്‍ഡുകളിലും നടപ്പാക്കണം. അതിനായി കൃത്യമായ ബോധവല്‍ക്കരണം നടത്തണം. മന്ത്രി പറഞ്ഞു. അമൃത് പദ്ധതിയുടെ ഭാഗമായി ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തുന്നുണ്ട്. സ്ത്രീധനം, മയക്ക് മരുന്ന് ഉപയോഗം എന്നീ വിപത്തുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രതയോടെ കാണണമെന്നും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ക്ലെ ആൻഡ് സെറാമിക്സ് മുൻ ചെയർമാൻ ടി കെ ഗോവിന്ദൻ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.
ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ വാർഡുകൾക്കുള്ള ഉപഹാരം നൽകി.
അജൈവ പാഴ്ശേഖരണം കുറ്റമറ്റതാക്കുക, യൂസർ ഫീ ശേഖരണം നൂറ് ശതമാനം ആക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗ്രീൻകാർഡ് സംവിധാനം മലപ്പട്ടം പഞ്ചായത്തിൽ ആവിഷ്കരിക്കുന്നത്. ഹരിത കേരളം മിഷന്റെ പിന്തുണയോടെയാണ് പ്രവർത്തനം. ഹരിതകർമ്മസേന മുഖാന്തിരമാണ് മാലിന്യ ശേഖരണത്തിന് ഗ്രീൻകാർഡ് നൽകുക.
യൂസർ ഫീക്കായുളള ഗ്രീൻകാർഡ് സംവിധാനത്തിൽ ഗോൾഡൺ പ്രിവിലേജ്, സിൽവർ പ്രിവിലേജ് എന്നീ രണ്ട് തരം കാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഗോൾഡൺ പ്രിവിലേജ് കാർഡുളളവർക്ക് യൂസർഫിയിൽ നൂറുരൂപ ഇളവും സിൽവൽ പ്രിവിലേജ് കാർഡുകാർക്ക് 50 രൂപ ഇളവും ലഭിക്കും. കൂടാതെ തുക നല്കി ശേഖരിക്കുന്ന ചില ഇനങ്ങൾക്കുള്ള ശേഖരണ ഫീസിൽ നിന്നും ഇളവും ലഭിക്കും.
ഗോൾഡൻ പ്രിവിലേജ്കാർഡ് ലഭിക്കാൻ 500 രൂപയും സിൽവർ പ്രിവിലേജ് കാർഡിന് 250 രൂപയുമാണ് ഹരിതകർമ്മസേനയിൽ അടക്കേണ്ടത്.
വീടുകൾക്ക് പുറമേ സ്ഥാപനങ്ങൾക്കും ഇത്തരം കാർഡ് ഏർപ്പെടുത്തുന്നുണ്ട്.
മലപ്പട്ടം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി അധ്യക്ഷയായി. മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ കെ സജിത, അംഗം ഇ രവീന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പജൻ, സെക്രട്ടറി വി എ സജിവേന്ദ്രൻ, വി ഇ ഒ ഒ ശ്രീജിത്ത്, മലപ്പട്ടം പ്രഭാകരൻ, പി പി നാരായണൻ, എം പി രാധാകൃഷ്ണൻ, കെ സാജൻ എന്നിവർ പങ്കെടുത്തു.
No comments
Post a Comment