കണ്ണൂർ കോർപ്പറേഷനിലെ വ്യാപാര സ്ഥാപനങ്ങളിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പദ്ധതിയുമായി കണ്ണൂർ കോർപറേഷൻ
ഇതിനായി കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുക ഫീസ് ഈടാക്കി അജൈവ മാലിന്യങ്ങൾ എല്ലാ മാസവും നിശ്ചിത തീയതികളിൽ ശേഖരിക്കും. പുതിയ സംവിധാനത്തിന് വ്യാപാരികൾ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തു.
ഇത് സംബന്ധിച്ച് ആലോചിക്കുന്നതിനായി കോർപ്പറേഷൻ ഓഫീസിൽ ചേർന്ന
വ്യാപാരികളുടെ
യോഗം മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണം ഓരോ വ്യക്തികളുടെയും സ്വന്തം ഉത്തരവാദിത്തമാണെന്നും അതിനു സഹായിക്കുന്നതിന് കൂടിയാണ് കോർപ്പറേഷൻ ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്നും മേയർ പറഞ്ഞു. മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവർക്കെതിരെ കോർപ്പറേഷൻ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
ഇവരിൽനിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ തുടരും.
അതോടൊപ്പം രാത്രികാല പട്രോളിംഗ് ശക്തമാക്കും. വൃത്തിയുള്ള നഗരം എന്നത് ജനങ്ങളുടെ കൂടെ ആവശ്യമാണ്. അതിനുവേണ്ടിയാണ് കോർപ്പറേഷൻ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കോർപ്പറേഷൻ
ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ.മാർട്ടിൻ ജോർജ്, അഡ്വ പി ഇന്ദിര, ഷമീമ ടീച്ചർ,
സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ, സെക്രട്ടറി ഡി സാജു, ഹെൽത്ത് സൂപ്പർവൈസർ പി വി രാഗേഷ്, ശുചിത്വ മിഷൻ പ്രോജക്ട് ഓഫീസർ കെ സിറാജുദ്ദീൻ, ഹരിത കേരള മിഷൻ റിസോർസ് പേഴ്സൺ കെ നാരായണൻ, ഫഹദ് മുഹമ്മദ്, വ്യാപാര സംഘടന പ്രതിനിധികളായ എം ആർ നൗഷാദ്, കെ വി സലിം, വി എം അഷ്‌റഫ്,
കെ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
No comments
Post a Comment