ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്: സർക്കാർ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ച് സംസ്ഥാന സർക്കാർ. സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്‌ലിം വിദ്യാർഥികൾക്ക് 59.05 %, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % സ്കോളർഷിപ്പുകൾ ലഭിക്കും. നേരത്തേയുണ്ടായിരുന്ന 80:20 അനുപാതത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു പുതിയ അനുപാതം.
കഴിഞ്ഞവർഷം മുസ്‌ലിം വിദ്യാർഥികൾക്കു ലഭിച്ച സ്കോളർഷിപ്പുകളുടെ എണ്ണത്തിലും തുകയിലും കുറവ് വരുത്താതെയും ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % ലഭിക്കാൻ പാകത്തിൽ അധിക തുക അനുവദിച്ചുമാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ അംഗീകൃത സ്വകാര്യ ഐടിഐകളിൽ പഠിക്കുന്നവർക്ക് ഫീസ് റീ ഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപയും ലഭിക്കും. 10 % സ്കോളർഷിപ് പെൺകുട്ടികൾക്കാണ്.
നഴ്‌സിങ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർഥികൾക്ക് 15,000 രൂപയുടെ മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ മെറിറ്റ് പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാം. സിഎ, സിഎംഎ, സിഎസ് വിദ്യാർഥികൾക്കും 15,000 രൂപ സ്കോളർഷിപ്പുണ്ട്.
പോളിടെക്‌നിക് ഡിപ്ലോമ വിദ്യാർഥികൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് 6,000 രൂപ ലഭിക്കും. കഴിഞ്ഞ വർഷം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 30 % സ്കോളർഷിപ് പെൺകുട്ടികൾക്കാണ് ലഭിക്കുക. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ് ആർക്കൊക്കെ അപേക്ഷിക്കാമെന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ടാകാം. മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം.
കഴിഞ്ഞ വർഷം എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം.
No comments
Post a Comment