മുട്ടില്‍ മരംമുറി കേസ്; സസ്‌പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
വയനാട്:
മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് സസ്പെൻ്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ചെക്ക് പോസ്റ്റിൽ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്പെൻ്റ് ചെയ്തത്.
അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം മന്ദഗതിയിലാണ്. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെയാണ് നടപടികൾ വൈകിയത്. കുറ്റംപത്രം സമർപ്പിക്കുന്നത് നീണ്ടാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കുമെന്നാണ് ആക്ഷേപം. മുഖ്യ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതോടെയാണ് കേസ് അന്വേഷണത്തിന്‍റെ വേഗത കുറഞ്ഞത്. സ്ഥലം മാറ്റിയെങ്കിലും കേസിന്‍റെ ചുമതല വി വി ബെന്നിക്ക് തന്നെയാണ്. വനം- റവന്യു ഉദ്യോഗസ്ഥരുടെ പങ്ക്, കുറ്റപത്രം സമർപ്പിക്കൽ തുടങ്ങിയ നടപ്പടികൾ ബാക്കി നിൽക്കെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍റെ സ്ഥലം മാറ്റം. പുതിയ സുൽത്താൻ ബത്തേരി ഡിവൈഎസ്പിയായി ചുമതലയേറ്റ ടി പി ജേക്കബിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
No comments
Post a Comment