കൊവിഡ് വാക്‌സിന്‍ വിതരണം ലക്ഷ്യത്തിലേക്ക്: എട്ടരമാസത്തെ ഭഗീരഥ പ്രയത്‌നം
പങ്കാളിയായത് രണ്ടായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍
100 ലേറെ പ്രത്യേക ക്യാമ്പുകള്‍
കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമായ പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ പൂര്‍ണതയിലേക്കെത്തുമ്പോള്‍ അതിന് പിന്നില്‍ രണ്ടായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരുടെ എട്ടരമാസത്തെ ഭഗീരഥ പ്രയത്‌നം. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഉള്‍പ്പെടെ ജോലി ചെയ്താണ് ഇവര്‍ ജില്ലക്ക് ഈ മികച്ച നേട്ടം സമ്മാനിക്കുന്നത്. ജില്ലാ തലത്തില്‍ ഒരു വാക്‌സിന്‍ സെല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി സന്തോഷ് ആണ് ജില്ലയിലെ വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങളെ ആകെ ഏകോപിപ്പിച്ചതും നേതൃത്വം നല്‍കിയതും. ഒരു അസിസ്റ്റന്റ് നോഡല്‍ ഓഫീസറും വാക്‌സിന്‍ മാനേജറും അടക്കം ആറ് അംഗ ടീമാണ് ഏകോപനം നിര്‍വഹിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്കിന്റെ മേല്‍നോട്ടത്തില്‍ എല്ലാ പ്രോഗ്രാം ഓഫീസര്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനക്കാരും ഈ ്രപവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. പരാതികള്‍ കേള്‍ക്കുന്നതിനും പൊതുജനങ്ങളുടെ സംശയനിവാരണത്തിനും പ്രത്യേക സംവിധാനവും ജില്ലാ തലത്തില്‍ ഉണ്ടാക്കിയിരുന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാദുരന്ത നിവാരണ അതോറിറ്റിയുടെ ദൈനംദിന മാര്‍ഗനിര്‍ദേശവും ഈ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചു.
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയത് 2021 ജനുവരി 16 ന് ആണ്. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയത്. അതിനുശേഷം കൊവിഡ് മുന്നണിപോരാളികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കി. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാര്‍ച്ച് രണ്ട് മുതലും വാക്‌സിന്‍ നല്‍കി തുടങ്ങിയിരുന്നു. 45 വയസ്സിനു മുകളില്‍ ഉള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ഇതോടൊപ്പം വാക്‌സിന്‍ നല്‍കി.
ജില്ലയിലുള്ള 450 പരം ഡോക്ടര്‍മാരും 517 ജെപിഎച്ച്എന്‍, 385 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 150 സ്റ്റാഫ് നഴ്‌സുമാര്‍, എന്‍എച്ച്എം വഴി നിയമിച്ച 150 നഴ്‌സുമാര്‍, 140 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവരാണ് ജില്ലയില്‍ ഈ മഹായജ്ഞത്തില്‍ ദിവസവും പങ്കാളികളായത്. ഇങ്ങനെ 1792 ആരോഗ്യ പ്രവര്‍ത്തകരാണ് ജില്ലയില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സ്വയംസമര്‍പ്പിതരായി പ്രവര്‍ത്തിച്ചത്. ഇതോടൊപ്പം 1976 ആശാ വര്‍ക്കര്‍മാരും വാക്‌സിന്‍ നല്‍കേണ്ടവരെ കേന്ദ്രങ്ങളിലെത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 100 ലേറെ പ്രത്യേക ക്യാമ്പുകളും ജില്ലയില്‍ സംഘടിപ്പിച്ചു.
വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി ജില്ലാ വാക്‌സിന്‍ സ്റ്റോറും ഫാര്‍മസി ടീമും 24 മണിക്കൂറും സര്‍വ്വസജ്ജമായി ഇവര്‍ക്ക് പിന്തുണയേകി. ശീതീകരണ സംവിധാനമുള്ള 110 കേന്ദ്രങ്ങള്‍ ജില്ലയില്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലേക്ക് വാക്‌സിന്‍ വരുന്നത് കോഴിക്കോട് എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ്. രാപ്പകല്‍ ഭേദമില്ലാതെ യഥാസമയം വാക്‌സിന്‍ ജില്ലയില്‍ എത്തിച്ചു വിതരണം ചെയ്യാന്‍ ആരോഗ്യ വകുപ്പിലെ ഡ്രൈവര്‍മാരുടെ സേവനവും ഉണ്ടായിരുന്നു.
ഇതുവരെ 2603995 ഡോസ് വാക്‌സിനാണ് ജില്ലയില്‍ നല്‍കിയത്. 1845739 പേര്‍ക്ക് ആദ്യ ഡോസും 758256 പേര്‍ക്ക് രണ്ട് ഡോസും നല്‍കാന്‍ കഴിഞ്ഞു.
സര്‍ക്കാര്‍ മേഖലയില്‍ 140 കേന്ദ്രങ്ങളും സ്വകാര്യ മേഖലയില്‍ 36 കേന്ദ്രങ്ങളും വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കിയാണ് ഈ ബൃഹത്തായ യജ്ഞം നടത്തിയത്.
ഇതുവരെയായി 18 വയസ്സിനു മുകളിലുള്ള 96.08 % പേരും ആദ്യ ഡോസ് സ്വീകരിച്ചു . കോവിഷില്‍ഡ് വാക്‌സിന്‍ ആയിരുന്നു ജില്ലയില്‍ കൂടുതല്‍ ലഭിച്ചത് . ചെറിയ തോതില്‍ കൊവാക്‌സിനും ജില്ലയില്‍ വിതരണം ചെയ്തു. 75000 പേര്‍ക്ക് വിദേശത്തു പോകുന്നതിനായി ഇ-ഹെല്‍ത്ത് വഴി പ്രത്യേകമായി സൗകര്യം ഒരുക്കി കോവിഷില്‍ഡ നല്കിയിട്ടുണ്ട്.
രോഗം മൂലം കിടപ്പിലായവര്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും വീട്ടില്‍ ചെന്നാണ് വാക്‌സിന്‍ നല്‍കിയത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ട്രൈബല്‍ മേഖലകള്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പ് ഒരുക്കിയാണ് വാക്‌സിന്‍ വിതരണം നടത്തിയത്. ജില്ലയില്‍ ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിവരുന്നുണ്ട് .
ഇനിയും വാക്‌സിന്‍ സ്വീകരിക്കാന്‍ കുറച്ചുപേര്‍ ബാക്കിയുണ്ട്. വിമുഖത മാറ്റി ഇവര്‍ സ്വയം മുന്നോട്ടു വരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥന. വാക്‌സിന്‍ വിതരണത്തിനായി തദ്ദേശസ്ഥാപനങ്ങള്‍, റവന്യൂ, പോലീസ്, വിദ്യാഭ്യാസ, പബ്ലിക് റിലേഷന്‍ വകുപ്പുകളും മികച്ച സഹകരണമാണ് വാക്‌സിന്‍ വിതരണ പ്രവര്‍ത്തനത്തിന് നല്‍കിയത്.
No comments
Post a Comment