Header Ads

  • Breaking News

    കാർഷിക രംഗത്തെ സുസ്ഥിര വികസനം അനിവാര്യം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ


    ഡി എ ഇ എസ് ഐ കോഴ്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

    കാർഷിക രംഗത്തെ സുസ്ഥിര വികസനത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ കീടനാശിനി, വളം വിപണനം നടത്തുന്നവർക്കുള്ള ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    നൂതന സാങ്കേതിക വിദ്യകൾ കർഷകരിലെത്തുമ്പോഴാണ് കാർഷിക മേഖലയ്ക്കും നാടിനും അതിൻ്റെ നേട്ടം ലഭിക്കുന്നത്. വിത്ത് മുതൽ വിപണനം വരെയുള്ള മേഖലകളിൽ സർക്കാർ ഇടപെടുന്നുണ്ട്. പ്രളയം, പ്രകൃതിക്ഷോഭം തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച ഉല്പാദനം കൈവരിക്കാൻ കാർഷിക മേഖലക്ക് കഴിഞ്ഞു. കർഷകരോടുള്ള കരുതൽ സർക്കാർ തുടരും മന്ത്രി പറഞ്ഞു.

    വളം, സസ്യ സംരക്ഷണ വസ്തുക്കൾ തുടങ്ങിയവ വിപണനം ചെയ്യുന്നവർക്ക് പ്രകൃതി സൗഹൃദ കൃഷിയുടെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകുന്നതിനായാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ ഒരു വർഷത്തെ ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്‌സ് നടത്തുന്നത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ആത്മ കണ്ണൂർ തളിപ്പറമ്പ് പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, കൃഷി വിജ്ഞാൻ കേന്ദ്രം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. വളം, കീടനാശിനി വിപണനം നടത്തുന്ന സഹകരണ മേഖലയിലേതുൾപ്പെടെയുള്ള 39 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.

    കരിമ്പം ജൈവ വൈവിധ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ മൊമെൻ്റോ വിതരണം ചെയ്തു.പ്രോഗ്രാം ഫെസിലിറ്റേറ്റർ ഡോ. കെ പി മമ്മൂട്ടി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ കെ കെ രത്നകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം പി പി ഷനോജ് മാസ്റ്റർ,കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, ആത്മ കണ്ണൂർ പ്രൊജക്ട് ഡയറക്ടർ പി വി ശൈലജ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം എൻ പ്രദീപൻ, ആർ എ ടി ടി സി അസി ഡയറക്ടർ ടി വി ജീവരാജ് തുടങ്ങിയവർ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad