സി.പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്; കണ്ണൂർ ജില്ലാ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും, ഉദ്ഘാടനം എംവി ജയരാജൻ
ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ ഇന്നാരംഭിക്കും. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ ജില്ലാ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. കക്കാട് ബ്രാഞ്ച് സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും. 3970 ബ്രാഞ്ചുകളാണ് ജില്ലയിൽ ആകെ ഉള്ളത്.
സമ്മേളനങ്ങളോടനുബന്ധിച്ച് ചുരുങ്ങിയത് ഒരു കേന്ദ്രത്തിലെങ്കിലും ശുചീകരണ പ്രവർത്തനം നടത്തും. ഓൺലൈനായി കുടുംബയോഗങ്ങളും സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ രക്തസാക്ഷി കുടുംബങ്ങളെയും പഴയകാല പ്രവർത്തകരെയും ക്ഷണിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക് സിപിഐഎം കടക്കും. 225 ലോക്കൽ കമ്മറ്റികളാണ് ജില്ലയിൽ സിപിഐഎമ്മിന് കീഴിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പാക്കിയ തലമുറമാറ്റം ഇത്തവണ പാർട്ടിയിലും കൊണ്ടുവരാനാണ് സി.പി.എം തീരുമാനം. പ്രായപരിധിയുടെ പേരിൽ ദേശീയതലത്തിലും സംസ്ഥാനത്തും ഒരുപിടി പ്രധാനികൾ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കും. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി ഒരുതവണ കൂടി തുടരാനാണ് സാധ്യത. ഇല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ആരെങ്കിലും ആ സ്ഥാനത്തേക്ക് വന്നേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാനാണ് സി.പി.എം തീരുമാനം.
No comments
Post a Comment