കണ്ണൂരില്‍ മുസ്ലിം ലീഗില്‍ വിഭാഗീയത രൂക്ഷം; വിട്ടുവീഴ്ചയ്ക്കില്ലെന്ന് തളിപ്പറമ്പിലെ വിമതര്‍
കണ്ണൂരിലെ മുസ്ലിംലീഗില്‍ തര്‍ക്കം രൂക്ഷമാകുന്നു. തളിപ്പറമ്പ് നഗരസഭയിലാണ് മുസ്ലിംലീഗിലെ ഭിന്നത പരസ്യമായത്. ലീഗില്‍ നിന്ന് പത്തുപേരെ കഴിഞ്ഞ ദിവസം മുസ്ലിംലീഗ് ജില്ലാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. തളിപ്പറമ്പ് നഗരസഭയിലെ ലീഗിലെ ഇരുവിഭാഗങ്ങളായ മഹ്മൂദ് അള്ളാംകുളം വിഭാഗവും യൂത്ത് ലീഗ് നേതാവായ സി കെ സുബൈറിനെ പിന്തുണയ്ക്കുന്ന വിഭാഗവും രണ്ടുചേരികളായി നില്‍ക്കുകയാണ്
ചേരിതിരിവ് സംസ്ഥാന തലത്തിലേക്കെത്തുമ്പോള്‍ മഹ്മൂദ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണെന്നും കെ എം ഷാജിയുടെ വിശ്വസ്തനാണ് സുബൈര്‍ എന്നും വിലയിരുത്തുന്നവരുണ്ട്. 34 അംഗ തളിപ്പറമ്പ് നഗരസഭയില്‍ 17 അംഗങ്ങള്‍ മുസ്ലിംലീഗില്‍ നിന്നും രണ്ട് പേര്‍ യുഡിഎഫില്‍ നിന്നും മൂന്ന് ബിജെപി അംഗങ്ങളും 12 സിപിഐഎം അംഗങ്ങളുമാണുള്ളത്. ഇതില്‍ ലീഗിലെ ഏഴ് കൗണ്‍സിലര്‍മാര്‍ വിമത പക്ഷത്താണുള്ളത്. അവരെ കൂടി ഒപ്പം നിര്‍ത്തുകയോ അല്ലെങ്കില്‍ അവിശ്വാസ പ്രമേയത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ ചെയ്യാനാണ് ഇതിനിടയില്‍ സിപിഐഎമ്മിന്റെ ശ്രമം.
അതേസമയം ലീഗിലെ പ്രശ്‌നപരിഹാരത്തിന് നേതാക്കള്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സമാന്തര കമ്മിറ്റി രൂപീകരിച്ചവരോട് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ജില്ലാകമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കരിം ചേലേരി ഇന്ന് 11 മണിയോടെ മാധ്യമങ്ങളെ കാണും. പാര്‍ട്ടിക്കെതിരെ അച്ചടക്ക വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
No comments
Post a Comment