Header Ads

  • Breaking News

    അപ്പുറത്ത് പിഡബ്ല്യുഡി ഇപ്പുറത്ത് നഗരസഭ….തകര്‍ന്ന റോഡ് നന്നാക്കാന്‍ ആരുമില്ല ; യാത്രാ ദുരിതം

     


    തളിപ്പറമ്പ്: 

    അപ്പുറത്ത് നഗരസഭയുടെ റോഡ് ഇപ്പുറത്ത് പിഡബ്ല്യുഡി റോഡ്, പക്ഷേ തകര്‍ന്ന റോഡ് നന്നാക്കാന്‍ മാത്രം ആരുമില്ല. തളിപ്പറമ്പ് നഗരത്തിലെ ന്യൂസ് കോര്‍ണറിന് മുന്നിലാണ് നഗരസഭയുടെയും പിഡബ്ല്യുഡിയുടെയും റോഡ് തകര്‍ന്ന് ഗതാഗത പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. ന്യൂസ് കോര്‍ണര്‍ മുതല്‍ കോര്‍ട്ട് വരെയുള്ള റോഡ് തളിപ്പറമ്പ് നഗരസഭയ്ക്ക് കീഴിലുള്ളതാണ്. മാര്‍ക്കറ്റ് മുതല്‍ മെയിന്‍ റോഡ് വരെയുള്ളത് പിഡബ്ല്യുഡി റോഡും. ഈ രണ്ട് റോഡിനും നടുക്കുള്ള ഒരു ഇത്തിരി സ്ഥലമാണ് തകര്‍ന്നിരിക്കുന്നത്.

    ഇവിടെ റോഡ് തകര്‍ന്നത് കാരണം മഴ പെയ്താല്‍ വെള്ളം കെട്ടിനിന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുകയാണ്. നഗരസഭ റോഡ് നിര്‍മ്മിച്ച് ഇന്റര്‍ ലോക്ക് ചെയ്ത് ഭംഗിയാക്കിയതിന് ശേഷമാണ് പിഡബ്ല്യുഡി ഇവിടെ റോഡ് ടാറിംഗ് ചെയ്തത്. റോഡ് ടാറിംഗ് ചെയ്തതോടെ നഗരസഭയുടെ ഇന്റര്‍ ലോക്ക് റോഡ് താഴ്ന്നു പോയി. റോഡിന് ഇരുവശത്തും ഓവുചാലുകള്‍ ഉണ്ടെങ്കിലും റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പോകാനുള്ള യാതൊരു ശാസ്ത്രീയ നടപടിയും പിഡബ്ല്യൂഡിയോ നഗരസഭയോ കൈക്കൊണ്ടിട്ടില്ല.

    മാത്രമല്ല, ഈ കുഴി നികത്താന്‍ കൊണ്ട് ഇട്ട മെറ്റലുകള്‍ കാരണം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുകയാണ്. വലിയ മെറ്റലുകള്‍ ആയതിനാല്‍ കോര്‍ട്ട് റോഡിലെ ചെറിയ ഇറക്കത്തില്‍ നിന്നും വരുന്ന ഇരുചക്ര വാഹങ്ങള്‍ ഇവിടെയെത്തുമ്പോള്‍ തെന്നി വീഴുകയാണ് ചെയ്യുന്നത്.

    നിരന്തരം വാഹനങ്ങള്‍ കടന്നു പോകുന്ന റോഡായതിനാല്‍ വെള്ളക്കെട്ടിന്റെ സമയത്ത് നടപ്പാതയില്‍ കൂടെ പോകുന്ന കാല്‍നടയാത്രക്കാരുടെ മേല്‍ വെള്ളം ചീറ്റി തെറിക്കുകയും ചെയ്യും. ഇതിനെതിരെ നിരന്തരം പരാതിയുമായി ജനങ്ങള്‍ പിഡബ്ല്യുഡിയെയും നഗരസഭയെയയും സമീപിച്ചിരുന്നു. ഓവു ചാലിലേക്ക് വെള്ളം പോകാന്‍ പാകത്തിന് ചെറിയ ദ്വാരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരമായേന്നെ.

    പിഡബ്ല്യുഡിയുടെ അനുവാദമില്ലാതെ നഗരസഭയ്ക്കോ നഗരസഭയുടെ അനുമതി ഇല്ലാതെ പിഡബ്ല്യുഡിക്കോ ഈ റോഡിലെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കില്ല.

    No comments

    Post Top Ad

    Post Bottom Ad