പോളിങ് സ്റ്റേഷനില്‍ നിന്നും സ്റ്റുഡന്റ് പൊലീസിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന് പരാതി; പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണമില്ല: കേസ് ഒതുക്കാന്‍ അണിയറയില്‍ നീക്കവും സജീവം
തലശ്ശേരി:
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോളിങ് സ്റ്റേഷനില്‍ വെച്ച് സ്റ്റുഡന്റ് പൊലിസിനെ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ ശ്രമിച്ച പൊലിസുകാരനെതിരെ വകുപ്പുതല നടപടിയില്ലെന്ന പരാതി ശക്തമാകുന്നു. സിപിഎം അനുകൂലിയായ പൊലിസുകാരനെതിരെ കോടതിയില്‍ കേസ് നില്‍ക്കുന്നുണ്ടെങ്കിലും ഇന്നേക്കു വരെ വകുപ്പുതല അന്വേഷണമോ നടന്നിട്ടില്ലെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം പരിധിയില്‍ താമസിക്കുന്ന 45 വയസുകാരനായ പൊലിസുകാരന് അടുത്ത സിപിഎം ബന്ധമാണുള്ളത്. അതു കൊണ്ടു തന്നെ പോക്‌സോ കേസില്‍ ഉള്‍പ്പെടുത്താവുന്ന ഗൗരവകരമായ കുറ്റം ചെയ്തിട്ടും ഇയാള്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിക്കാത്തതാണ് പരക്കെ വിമര്‍ശനത്തിനിടയാക്കുന്നത്.നിലവില്‍ റെയില്‍വേ പൊലിസിലാണ് ആരോപണ വിധേയനായ പൊലിസുകാരന്‍ ജോലി ചെയ്യുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരി മേഖലയിലെ ഒരു പോളിങ് ബൂത്തില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരന്‍ അതേ ബൂത്തില്‍ നിയോഗിക്കപ്പെട്ട സ്റ്റുഡന്റ് പൊലിസിനെ തലേന്ന് രാത്രി സ്‌കൂളില്‍ ഒരുക്കിയ ബൂത്തില്‍ അര്‍ധരാത്രിയില്‍ ഉറങ്ങാന്‍ കിടക്കവെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കുട്ടി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയായിരുന്നു.എന്നാല്‍ കേസ് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയെങ്കിലും ഒത്തുതീര്‍ക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളും മറുവശത്തു നിന്നും നടന്നു 'രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ കുട്ടിയുടെ വീട്ടുകാരെ കൊണ്ട് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് വിവരം.
പീഡിപ്പിച്ച പൊലിസുകാരനും പീഡിപ്പിക്കപ്പെട്ട കുട്ടിയും ഒരേ പാര്‍ട്ടി കുടുംബത്തില്‍ ഉള്‍പ്പെട്ടവരായതിനാല്‍ രാഷ്ട്രീയ ഭരണതല ഇടപെടലുകള്‍ ഉണ്ടായെന്നാണ് വിവരം.ഹൈക്കോടതിയില്‍ കേസ് ജോയന്റ് പെറ്റിഷന്‍ നല്‍കി പിന്‍വലിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. എന്നാല്‍ കേസ് കോടതിയില്‍ പരിഗണനയില്‍ വന്നാലും അതിനു മുന്‍പായി നടക്കേണ്ട വകുപ്പുതല അന്വേഷണമോ മറ്റു കാര്യങ്ങളോ നടക്കാത്തത് പൊലിസ് സേനയില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
No comments
Post a Comment