കൈവശാവകാശ സർട്ടിഫിക്കറ്റ്: ഇനി അപേക്ഷയ്ക്കു പുറമേ സത്യവാങ്മൂലവും നൽകണം
തിരുവനന്തപുരം:
കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി അപേക്ഷയ്ക്കു പുറമേ അപേക്ഷകൻ സത്യവാങ്മൂലവും നൽകണമെന്നു റവന്യൂ വകുപ്പ് സർക്കുലർ ഇറക്കി. കൈവശം ഉള്ള ഭൂമി പട്ടയം ലഭിച്ചതാണോ അല്ലയോ എന്നാണ് അപേക്ഷകൻ സത്യവാങ്മൂലം നൽകേണ്ടതെന്നു സർക്കുലറിൽ പറഞ്ഞു. ഹൈക്കോടതി വിധി അനുസരിച്ചാണു നടപടി.
ഇടുക്കിയിലെ ചില വില്ലേജുകളിൽ ഭൂ പതിവു ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ പട്ടയം ലംഘിച്ചു വാണിജ്യനിർമാണങ്ങൾ നടത്തുന്നതു തടയാൻ 2019 ഓഗസ്റ്റ് 22ന് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഏത് ആവശ്യത്തിനാണോ പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ കെട്ടിട പെർമിറ്റ് അനുവദിക്കാവൂ എന്ന് ആയിരുന്നു ഉത്തരവ്.
ഇതു സംബന്ധിച്ച് വന്ന ഹർജികളെ തുടർന്ന് ഈ ഉത്തരവ് കേരളം മുഴുവൻ നടപ്പാക്കാൻ 2020 ജൂലൈ 29നു ഹൈക്കോടതി ഉത്തരവിട്ടു. ഇതു നടപ്പാക്കുന്നില്ലെന്നു കാണിച്ച് കോടതിയലക്ഷ്യ ഹർജി വന്നതോടെ ഇതു സംബന്ധിച്ചു സത്യവാങ്മൂലം അപേക്ഷകൻ നൽകണമെന്നു കഴിഞ്ഞ മാസം എട്ടിനു ഹൈക്കോടതി നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ ഒന്നിന് നം.റവ–എ2/49/2021–റവ എന്ന സർക്കുലർ റവന്യു വകുപ്പ് സ്പെഷൽ സെക്രട്ടറി പുറത്തിറക്കിയത്.
No comments
Post a Comment