ഉരുൾപൊട്ടൽ; വ്യാപക നാശം, മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു
സംസ്ഥാനത്ത് മഴ അതിശക്തമായതോടെ തെക്കൻ കേരളത്തിൽ വ്യാപക നാശം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിനെ തുടർന്നു വെള്ളത്തിനടയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങിനാണ് സഹായം തേടിയത്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. മുണ്ടക്കയം കോസ്‌വേ കരകവിഞ്ഞു. മുണ്ടക്കയത്ത് കാര്യമായ രീതിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ജാഗ്രത നിർദേശത്തിന് തൊട്ടടുത്തെത്തിയിട്ടുണ്ട് മണിമലയാറിലെ ജലനിരപ്പ്. കൂട്ടിക്കലിൽ ഉരുൾപൊട്ടി. കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോർഡ് മഴയാണ് ഒറ്റ മണിക്കൂറിനുള്ളിൽ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം – അടിവാരം മേഖലയിൽ വെള്ളം കയറി.
കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തൻചന്ത ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളം കയറുകയും , വീടുകളിലെ കുടുംബങ്ങളെ വരിക്കാനി എസ്എൻ സ്കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും കളക്ടർമാരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ വൈകിട്ട് മൂന്നരയ്ക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
No comments
Post a Comment