പൈതൽമല ടൂറിസം സർക്യൂട്ട്: പദ്ധതി രൂപരേഖ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കും
പൈതൽമല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് പദ്ധതിയുടെ രൂപരേഖ രണ്ടാഴ്ചക്കുള്ളിൽ വനം – ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കും. മലബാറിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയാണിത്.
രാജ്യാസഭാംഗം ജോൺ ബ്രിട്ടാസിന്റെ അഭ്യർത്ഥനയെ തുടർന്ന് ടൂറിസം – വനം മന്ത്രിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന ഉന്നതതല യോഗ തീരുമാനപ്രകാരമായിരുന്നു ഉദ്യോഗസ്ഥ സന്ദർശനം. ഗാന്ധിജയന്തിദിനത്തിൽ സർക്യൂട്ടിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായ പൈതൽമല, കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. ജോൺ ബ്രിട്ടാസ് എംപി, സജി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ, ഇക്കോ ടൂറിസം ഡയറക്ടർ ആർ എസ് അരുൺ, ഡെപ്യൂട്ടി കല ക്ടർ ജെ അനിൽ ജോസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി വി പ്രശാന്ത് എന്നിവരാണ് സന്ദർശനം നടത്തിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റ് ത്രിതല ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
സന്ദർശന ശേഷം നടുവിൽ പഞ്ചായത്ത് ഹാളിൽ പ്രത്യേക അവലോകനയോഗവും ചേർന്നു. മലബാറിന്റെ ടൂറിസം രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കാൻ നിർദിഷ്ട വികസനപദ്ധതികൾ സഹായകരമാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. നാടിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികൾ ഒറ്റക്കെട്ടോടെ നിലകൊള്ളുമെന്നും പ്രസക്തമായ എല്ലാ നിർദ്ദേശങ്ങളും ബന്ധപ്പെട്ടവരുടെ മുന്നിൽ അവതരിപ്പിക്കുമെന്നും സജി ജോസഫ് എംഎൽഎ പറഞ്ഞു. നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളിൽ സ്വാഗതം പറഞ്ഞു. പദ്ധതി പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എല്ലാ നിർദ്ദേശങ്ങളും പരിഗണിച്ച് പദ്ധതിരേഖ രണ്ടാഴ്ച്ചക്കുള്ളിൽ തയാറാക്കുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ യോഗത്തിൽ അറിയിച്ചു.
No comments
Post a Comment