വനിതാ അധ്യാപകരുടെയും സഹപാഠികളായ പെൺകുട്ടികളെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ; സ്കൂൾ വിദ്യാർത്ഥി അറസ്റ്റിൽ: സംഭവം തിരുവനന്തപുരം ജില്ലയിൽ
തിരുവനന്തപുരം:
ഓൺലൈൻ വഴി വിദ്യാർഥിനികളെയും അധ്യാപകരെയും അപകീർത്തിപ്പെടുത്തിയ സ്കൂൾ വിദ്യാർഥി സൈബർ പൊലീസിന്റെ പിടിയിൽ. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റാണു വിദ്യാർഥി ഉപയോഗിച്ചത്. അപരിചിതരായ ചാറ്റിങ് പങ്കാളികൾക്കു തന്റെ സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല കമന്റുകൾ ചേർത്ത് എഡിറ്റ് ചെയ്തു ഫോൺ നമ്പർ സഹിതം പോസ്റ്റു ചെയ്യുകയായിരുന്നു.
കഴിഞ്ഞ രണ്ടു മാസമായി തിരുവനന്തപുരം ജില്ലയിലെ ഒരു വിദ്യാലയത്തിലെ നിരവധി രക്ഷിതാക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും ലഭിച്ച പരാതികളിൽ റജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റകൃത്യം ചെയ്ത വിദ്യാർഥിയെ സൈബർ പൊലീസ് കണ്ടത്തിയത്. ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയൽ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്സൈറ്റിൽനിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുന്നതു പ്രയാസമായിരുന്നു. നിരവധി നെറ്റ് വർക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎൻ സർവീസുകളും നിരന്തരം നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണു കുറ്റകൃത്യത്തിലേർപ്പെട്ട ആളെയും കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോണും കണ്ടെത്തിയത്.
കുറ്റകൃത്യത്തിനുപയോഗിച്ച ഫോൺ പരിശോധിച്ചപ്പോൾ നിരവധി സഹവിദ്യാർഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചു. ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണു വിദ്യാർഥി ഇതിനായി ഉപയോഗിച്ചത്. സഹപാഠികളെയും അധ്യാപകരെയും ഭീതിയിലാഴ്ത്തുകയെന്ന ഉദ്ദേശ്യത്തിലും ഒരിക്കലും പിടിക്കപ്പെടില്ലെന്ന മിഥ്യാധാരണയിലുമാണ് ഇതു ചെയ്തതെന്നു വിദ്യാർഥി പൊലീസിനോടു പറഞ്ഞു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ.മധുവിന്റെ മേൽനോട്ടത്തിൽ അഡിഷണൽ എസ്പി ഇ.എസ്.ബിജുമോൻ, തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി വിജുകുമാർ.എൻ എന്നിവരുടെ നേതൃത്വത്തിൽ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ്.ജി.എസ്, എസ്ഐ സതീഷ് ശേഖർ, എസ്‍സിപിഒ സുധീർ, സിപിഒമാരായ അദീൻ അശോക്, ശ്യാം, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണു പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കണ്ടെത്തിയത്.
No comments
Post a Comment