റേഷന്‍ കടകളിലും എ.ടിഎം; ഇ-സേവനകേന്ദ്രങ്ങൾ ആരംഭിക്കും, മാറ്റത്തിന് ഒരുങ്ങി ഭക്ഷ്യ പൊതുവിതരണ വകുപ്പ്
റേഷന്‍ കടകളിലും എ.ടി.എമ്മുകള്‍ തുറക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ്. പഞ്ചായത്തില്‍ ഒന്ന് എന്ന നിലയില്‍ രണ്ടായിരത്തോളം റേഷന്‍കടകളിലാണ് എ.ടി.എം. ആരംഭിക്കുക. നഗരമേഖലയില്‍ രണ്ടിലധികവും തുടങ്ങും. വാണിജ്യബാങ്കുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. രണ്ട് വാണിജ്യബാങ്കുകളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ചര്‍ച്ചകള്‍ നടത്തി.
ഇതോടൊപ്പം റേഷന്‍ കടകളോട് ചേര്‍ന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ അക്ഷയ മാതൃകയില്‍ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കും. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. റേഷന്‍ കാര്‍ഡുകള്‍ എ.ടി.എം രൂപത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കാര്‍ഡില്‍ എ.ടിഎം ചിപ്പ് കൂടി ഘടിപ്പിച്ച് 5000 രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പദ്ധതികളും പരിഗണനയിലുണ്ട്.
റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തില്‍ കൈവിരല്‍ പതിയുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നതിനാല്‍, ഇതിനു പകരം തിരിച്ചറിയലിന് കൃഷ്ണമണി ഉപയോഗപ്പെടുത്തുന്ന തരം സംവിധാനങ്ങള്‍ നടപ്പിലാക്കും. പരാതികളും നിര്‍ദേശങ്ങളും റേഷന്‍ കടകളില്‍ പരാതിപ്പെട്ടിയിലൂടെ അറിയിക്കാന്‍ അവസരം ഒരുക്കും. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഇതിലൂടെ അറിയിക്കാം. ജനുവരി ഒന്നോടെ പരാതികള്‍ പരിഹരിച്ച് പൊതുവിതരണ മേഖലയില്‍ സമൂലമാറ്റം കൊണ്ടുവരാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്.
No comments
Post a Comment