കണ്ണോം അഞ്ചിങ്ങലിലെ പി ജി മോഹനന്റെ 8,000 രൂപയാണ് തട്ടിയെടുത്തത് : ലോട്ടറി നമ്പർ തിരുത്തി വീണ്ടും പണം തട്ടി
നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റുമായി ഏജന്റ് പി ജി മോഹനൻ
പരിയാരത്തും നമ്പർ തിരുത്തി ലോട്ടറി ഏജന്റിന്റെ പണം തട്ടി. കണ്ണോം അഞ്ചിങ്ങലിലെ പി ജി മോഹനന്റെ 8,000 രൂപയാണ് തട്ടിയെടുത്തത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് സമീപത്ത് വച്ച് ആറാം തീയതി രണ്ടുപേർ മോഹനനെ സമീപിച്ച് കാരുണ്യ പ്ലസ് ലോട്ടറിയുടെ പിപി 660370 ടിക്കറ്റ് നൽകുകയും സമ്മാനം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു.
മോഹനൻ ടിക്കറ്റ് പരിശോധിച്ചപ്പോൾ സമ്മാനാർഹമാണെന്ന് മനസ്സിലായി. എണ്ണായിരം രൂപയും കൊടുക്കണം. ഇവർ 760 രൂപക്ക് വീണ്ടും ടിക്കറ്റെടുക്കുകയും 240 രൂപ ചായകുടിക്കാനെടുത്ത് ബാക്കി ഏഴായിരം തന്നാൽ മതിയെന്നും പറഞ്ഞു. മോഹനൻ ഇവർക്ക് ഏഴായിരം രൂപയും നൽകി. സ്ഥിരമായി ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്ന പഴയങ്ങാടിയിലെ ശ്രേയസ് ലോട്ടറി ഏജൻസിയിൽ നേരത്തെ ലഭിച്ച ടിക്കറ്റ് നൽകി.
നമ്പറിൽ പിശക് ശ്രദ്ധയിൽപ്പെട്ട ഏജൻസിക്കാർ സ്കാൻ ചെയ്തു നോക്കിയപ്പോൾ അവസാനത്തെ അക്കം 6, പൂജ്യമാക്കി തിരുത്തിയതായി കണ്ടെത്തി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മോഹനൻ തിരിച്ചറിഞ്ഞത്. പരിയാരം പൊലീസിൽ പരാതി നൽകി. അനാരോഗ്യംമൂലം ലോട്ടറി ഉപജീവനം ആയി കഴിയുന്ന മോഹനന് ഉള്ള കാശും നഷ്ടപ്പെട്ടതോടെ വീണ്ടും ദുരിതത്തിലായി. ഏജൻസിക്കാരിൽ നിന്ന് ഇപ്പോൾ കടമായാണ് ടിക്കറ്റ് വാങ്ങി വിൽക്കുന്നത്.
No comments
Post a Comment