Header Ads

  • Breaking News

    മോന്‍സണ്‍ മാവുങ്കല്‍ കേസ്; ഐ ജി ലക്ഷ്മണയ്ക്ക് സസ്‌പെന്‍ഷന്‍...



    ഐ ജി ലക്ഷ്മണക്ക് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു. പുരാസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഐ ജി ക്കെതിരെ വനിത എംപിയുടെ പരാതിയും സര്‍ക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി നല്‍കിയത്.



    മോന്‍സണ്‍ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോന്‍സണിന്റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോന്‍സന്റെ പുരാവസ്തുക്കള്‍ ലക്ഷ്മണ വില്പന നടത്താന്‍ ശ്രമിച്ചതിന്റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

    ഐജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പോലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ആഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച. പോലീസ് ക്ലബ്ബില്‍ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്ഥനാണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്‌സ്ആപ് ചാറ്റുകള്‍ പുറത്ത് ആയിട്ടുണ്ട്.

    ഇതിനിടെ ഐ ജി ലക്ഷ്മണ സ്റ്റാഫില്‍ ഉള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാല്‍, റെജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആണ് തെളിവുകള്‍. മോന്‍സന്റെ ജീവനക്കാരോട് പോലീസുകാര്‍ പുരാവസ്തുക്കള്‍ എത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്ന് തെളിയിക്കുന്ന വാട്ട്‌സ് ആപ് ചാറ്റുകളും പുറത്തായി.

    No comments

    Post Top Ad

    Post Bottom Ad