പ്രിന്‍സിപ്പാള്‍ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട സംഭവം: വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസ്
ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസെടുത്ത് പോലീസ്. രണ്ടാം വര്‍ഷ ബിരുദ ഇക്കണോമിക്സ് വിദ്യാര്‍ത്ഥി മുഹമ്മദ് സനദിനെതിരെ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോളേജ് അധികൃതരുടെ പരാതിയെത്തുടർന്നാണ് നടപടി.
അതേസമയം കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഫോട്ടോ സഹിതം മാധ്യമങ്ങളോട് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥി സ്വമേധയാ കാല് പിടിക്കുകയാണെന്നാണ് അധ്യാപികയുടെ വിശദീകരണം. മാസ്‌കിടാതെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്‍വശം നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു കുട്ടി തന്നെ അക്രമിക്കാനായി വന്നുവെന്നും സംഭവത്തെ തുടര്‍ന്ന് താന്‍ പോലീസിനെ വിളിക്കുകയായിരുന്നു എന്നും അധ്യാപിക വ്യക്തമാക്കി.
മാസ്‌കിടാത്തതിന് വിദ്യാര്‍ത്ഥിയിൽ നിന്നുംഫൈന്‍ മേടിച്ച പോലീസ് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പരാതിയുണ്ടെങ്കില്‍ നല്‍കണമെന്ന് അറിയിച്ചതായും അധ്യാപിക പറഞ്ഞു. സംഭവത്തിന് ശേഷം എംഎസ്എഫ് നേതാക്കള്‍ക്കൊപ്പം വിദ്യാര്‍ത്ഥി തന്നെ കാണാന്‍ വരികയും തന്റെ കാല് പിടിക്കുകയായിരുന്നുവെന്നും ഇതിനായി താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും അധ്യാപിക വ്യക്തമാക്കി.
No comments
Post a Comment