കണ്ണൂർ: ഫേസ്ബുക്കിലെ പരസ്യം കണ്ട് 299 രൂപ വിലയുള്ള ചുരിദാർ ഓൺലൈൻ വഴി ബുക്ക് ചെയ്തു: യുവതിക്ക് നഷ്ടമായത് 1,00,299 രൂപ
കണ്ണൂർ:
ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ രൂപ. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ പ്രിയേഷിന്റെ ഭാര്യ രചനയാണ് തട്ടിപ്പിനിരയായത്. 100,299 രൂപ നഷ്ടപ്പെട്ടതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
ഫേസ്ബുക്കിൽ ‘സിലൂറി ഫാഷൻ’ എന്ന സ്ഥാപനത്തിന്റെ പരസ്യം കണ്ട രചന ഓൺലൈൻ വഴിയാണ് 299 രൂപ വിലയുള്ള ചുരിദാർ ബുക്ക് ചെയ്തത്. ഗൂഗിൾ പേ വഴി തുക മുൻകൂറായി അടയ്‌ക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാർ ലഭിക്കാത്തതിനെ തുടർന്ന് സ്ഥാപനത്തിന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു.
വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈൽ നമ്പറിൽ നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കമ്പനിയുടെ നമ്പറിലേക്ക് സന്ദേശം അയച്ചതിന് പിന്നാലെ രചനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ചുരിദാർ ബുക്ക് ചെയ്ത 299 രൂപയടക്കം 1,00,299 രൂപ രചനയ്‌ക്ക് നഷ്ടമായി. യുവതിയുടെ പരാതിയിൽ കേസെടുത്ത ശ്രീകണ്ഠാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment