കണ്ണൂരിൽ നിന്നും ഗവിയിലേക്ക് ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി
കണ്ണൂർ :
വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് ഗവി സർവീസാണ് പുതിയതായി തുടങ്ങാൻ ലക്ഷ്യമിടുന്നത്.
ഇതിനായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. ഡിസംബർ ആദ്യവാരം മുതൽ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സഞ്ചാരികളെ പത്തനംതിട്ടയിൽ എത്തിച്ച്, അവിടെനിന്ന് സെമി ബസിൽ ഗവിയിൽ കൊണ്ടുപോകും. ഇതിനായി 16 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബസാണ് ഒരുക്കുന്നത്.
പത്തനംതിട്ടയിൽ നിന്നാരംഭിക്കുന്ന സർവീസ് മണിയാർ, മൂഴിയാർ, കക്കി, ആനത്തോട് വഴി ഗവിയിലെത്തും. ഒരു രാത്രി ബസിൽത്തന്നെ ഗവിയിൽ താമസിക്കാനുള്ള സൗകര്യവും ഒരുക്കും. വനംവകുപ്പിന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുന്നത്.
ടിക്കറ്റേതര വരുമാനം എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സംരംഭത്തിന് കെ.എസ്.ആർ.ടി.സി. തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ 23-ന് ബജറ്റ് ടൂറിസം സെൽ എന്ന് പേരിൽ പ്രത്യേക വിഭാഗം കെ.എസ്.ആർ.ടി.സി. തുടങ്ങിയിരുന്നു. ഓരോ ജില്ലയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന സർവീസ് നടത്താനാണ് ശ്രമം.
No comments
Post a Comment