മാനസികമായി തയാറായിക്കഴിഞ്ഞാൽ എല്ലാവരോടും എല്ലാത്തിനും മറുപടി പറയാം: സ്വപ്ന സുരേഷ്
കൊച്ചി :
മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ചു സ്വപ്ന സുരേഷ്. ജയിലിൽ നിന്നിറങ്ങിയ ശേഷം അടിമുടി മാറ്റവുമായാണ് സ്വപ്നയെ കാണാൻ സാധിച്ചത്. സാധാരണ കറുപ്പ് വസ്ത്രമണിയുന്ന സ്വപ്ന ഇപ്പോൾ വെള്ള കുർത്തിയാണ് അണിഞ്ഞിരുന്നത്.
മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഓടിയൊളിക്കില്ലെന്ന് അവർ പറഞ്ഞു. നീണ്ട ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ സ്വപ്ന, അഭിഭാഷകനെ കാണാൻ കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.
തിരുവനന്തപുരത്ത് അമ്മയുടെ കൂടെ മാധ്യമങ്ങളെ കാണുമെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നും അവർ പ്രതികരിച്ചു. ഇപ്പോൾ നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിന്റെ തിരക്കിലാണ്, അതു കഴിഞ്ഞ് മാനസികമായി തയാറായിക്കഴിഞ്ഞാൽ എല്ലാവരോടും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അവർ പറഞ്ഞു.
ഭർത്താവിനും മകനുമൊപ്പമാണ് സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയത്. ഇന്നലെ രാത്രി വൈകിയും അഭിഭാഷകനുമായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ശേഷമാണ് മടങ്ങിയത്. തുടർന്ന് ഇന്നും വക്കീൽ ഓഫിസിൽ എത്തുകയായിരുന്നു.
No comments
Post a Comment