ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; മുംബൈയില്‍ 144 പ്രഖ്യാപിച്ചു
രാജ്യത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ കേസുകളില്‍ വര്‍ധന. മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരനുള്‍പ്പെടെ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 32 ആയി. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയും റാലികള്‍, ആള്‍ക്കൂട്ടം ഉള്‍പ്പെടെയുള്ളവ നിരോധിച്ചു.
പുതിയ ഏഴ് രോഗികളില്‍ മൂന്ന് പേര്‍ മുംബൈയില്‍ നിന്നാണ്. 48,25,37 വയസുള്ള പുരുഷന്മാര്‍ക്കാണ് രോഗബാധ. ഇവര്‍ യഥാക്രമം ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. പിംപ്രി ചിഞ്ച്‌വാദ് മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച നൈജീരിയന്‍ യുവതിയുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കാണ് പിംപ്രിയില്‍ രോഗബാധ. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 17 ആയി.
പുതിയ ഏഴ് രോഗികളില്‍ നാല് പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ ആദ്യ ഡോസ് എടുത്തിരുന്നു. മറ്റൊരാള്‍ വാക്‌സീനെടുത്തിട്ടില്ല. നാല് പേരില്‍ രോഗലക്ഷണങ്ങളില്ല. മറ്റുള്ളവരില്‍ നേരിയ രോഗലക്ഷണങ്ങളുണ്ട്.
രാജസ്ഥാന്‍ 9, ഗുജറാത്ത് 3, കര്‍ണാടക 2,ഡല്‍ഹി 1 എന്നിങ്ങനെയാണ് രോഗാബാധിതരുടെ എണ്ണം. ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് കോവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് 2 മണിക്കാണ് യോഗം.
No comments
Post a Comment