Header Ads

  • Breaking News

    സംസ്ഥാനത്ത് 2 പേർക്ക് കൂടി ഒമിക്രോൺ, രോഗികളുടെ എണ്ണം ഏഴായി

    തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍  സ്ഥിരീകരിച്ചതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.യു എ ഇ.യില്‍ (UAE) നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

    രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി. അതില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

    ഭര്‍ത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയില്‍ 6 പേരും ഭാര്യയുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പർക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 7 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്നും മന്ത്രി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad