ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതി വീണ്ടും പിടിയിൽ
പരിയാരം: ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതി വീണ്ടും പോലീസിന്റെ പിടിയിലായി. പരിയാരം തോട്ടിക്കീലിലെ പി.എം. മുഹമ്മദ് മുർഷിദിനെയാണ് (31) പരിയാരം പോലീസ് വ്യാഴാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തത്. ഡിസംബർ മൂന്നിന് പൂഴികടത്ത് കേസിൽ പയ്യന്നൂർ കോടതി മുർഷിദിനെ റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞ് വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയപ്പോഴാണ് പരിയാരം പോലീസ് സെൻട്രൽ ജയിൽ പരിസരത്തെത്തി വീണ്ടും കസ്റ്റഡിയിലെടുത്തത്.
അരിപ്പാമ്പ്രയിലെ മോഷണക്കേസുകളുമായി ബന്ധപ്പെട്ടാണിത്.
2018-ലെ പൂഴിക്കടത്ത് കേസിൽ പയ്യന്നൂർ കോടതിയിൽ ജാമ്യമെടുക്കാനെത്തിയപ്പോഴാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്.
ഒക്ടോബർ ഒന്നിന് ഒരു മോഷണശ്രമത്തിനിടയിൽ സി.സി.ടി.വി. ക്യാമറയിൽ കുടുങ്ങിയിരുന്നു. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെതുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തുവെങ്കിലും വിട്ടയച്ചു. പിന്നീട് നവംബർ രണ്ടിന് പരിയാരം പഞ്ചായത്തംഗം അഷറഫ് കൊട്ടോലയുടെ വീട്ടിലെ മോഷണമുതൽ എന്ന നിലയിൽ 1,91,500 രൂപയും നാലരപ്പവൻ സർണാഭരണങ്ങളും 630 ഗ്രാം സ്വർണത്തരികളും മൂന്ന് കവറുകളിലാക്കി മാപ്പപേക്ഷ കത്ത് സഹിതം ഇയാൾ ഉപേക്ഷിച്ചിതായി കണ്ടത്. മോഷണം നടത്തിയ മുതലുകളെന്ന് എഴുതിനൽകുകയും മോഷണത്തിന് മാപ്പുപറയുകയുമായിരുന്നു. ഇപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്ത മുർഷിദിനെ ചോദ്യം ചെയ്തുവരികയാണ്. നിരവധി കളവ് കേസുകളുടെ ചുരുളഴിയുമെന്നാണ് സൂചന.
No comments
Post a Comment