Header Ads

  • Breaking News

    വസ്ത്രധാരണം വ്യക്തികളുടെ സ്വാതന്ത്ര്യം: വിദ്യാഭ്യാസ മന്ത്രി


    കോഴിച്ചാല്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു

    ഏത് വേഷം ധരിക്കണമെന്നത് അവരവരുടെ തീരുമാനമാണെന്നും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വസ്ത്രം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന കോഴിച്ചാല്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

    ലിംഗ തുല്യതയുമായി ബന്ധപ്പെട്ട പുരോഗമന ചിന്തകളെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.  കാലാനുസൃതമായ മാറ്റം വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമാണ്. ഈ മാറ്റത്തെ ഉള്‍ക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. വര്‍ത്തമാന കാലഘട്ടത്തിനനുസരിച്ച തീരുമാനങ്ങള്‍ യൂണിഫോം പരിഷ്‌കരണത്തിലും സ്വീകരിക്കണം. അധ്യാപകര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്‌കര്‍ഷിക്കുന്ന ചില സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനങ്ങളെ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. എല്ലാ വിഭാഗക്കാരെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ പാഠ്യ പദ്ധതിയില്‍ വരുത്തും. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, പാഠ്യ പാഠ്യേതര രംഗത്തെ മികവും പദ്ധതിയിലുള്‍പ്പെടുത്തും – മന്ത്രി പറഞ്ഞു.

    പൊതു വിദ്യാഭ്യാസ വകുപ്പ് കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കോഴിച്ചാല്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കെട്ടിടം നിര്‍മിക്കുന്നത്. 2500 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളാണ് ഉണ്ടാവുക. കൂടാതെ പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറി, ശുചി മുറികള്‍, ഓഡിറ്റോറിയം കൗണ്‍സലര്‍മാര്‍ക്കുള്ള മുറി എന്നിവയും നിര്‍മിക്കും.

    ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്തംഗം എം കെ രാഘവന്‍, ബ്ലോക്ക് പഞ്ചായത്തംഗം എസി പൗലോസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കല്‍, , സ്ഥിരം സമിതി അധ്യക്ഷരായ എം ബാലകൃഷ്ണന്‍, ഷാന്റി കലാധരന്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി മനോജ് കുമാര്‍, തളിപ്പറമ്പ് ഡി ഇ ഒ കെ ജയപ്രകാശ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ – ഓഡിനേറ്റര്‍ പി വി പ്രദീപന്‍, പയ്യന്നൂര്‍ ഉപജില്ല എ ഇ ഒ കെ കെ വിനോദ് കുമാര്‍ , ബി ആര്‍ സി ബി പി ഒ കെ സി പ്രകാശന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജി വര്‍ക്കി ഹെഡ്മാസ്റ്റര്‍ കെ എസ് മധു, പി ടി എ പ്രസിഡണ്ട് വര്‍ഗീസ് കണിയാംപറമ്പില്‍, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad