Header Ads

  • Breaking News

    ⭕ *ഉത്സവത്തിനും വിവാഹ, മരണാനന്തര ചടങ്ങിനും കൂടുതൽ പേർ; ഇളവുമായി സർക്കാർ*


    തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. ഉത്സവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ അനുവദിക്കും. പൊതു ഇടങ്ങളിലെ പരിപാടികളില്‍ 300 പേരെ പങ്കെടുപ്പിക്കാനും അനുമതിയായി. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
    ഉത്സവങ്ങൾക്ക് ഇളവു പ്രഖ്യാപിക്കണമെന്ന് വിവിധ ദേവസ്വങ്ങൾ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഉത്സവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ അനുവദിക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ പൊതു ഇടങ്ങളിലാണ് നടക്കുന്നതെങ്കിൽ 300 പേരെ അനുവദിക്കും. ഹാളുകളിലോ മുറികളിലോ ആണെങ്കിൽ 150 പേരെ മാത്രമേ അനുവദിക്കൂ. അതേസമയം, സ്കൂളുകളിൽ പൂര്‍ണസമയം പ്രവര്‍ത്തനം ഉടനുണ്ടാകില്ല.

    വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ

    കോവിഡ് വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വാക്സിനേഷൻ വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയത്.

    സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സീനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സീനും സ്വീകരിച്ചു. 70 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനുണ്ട്. അത് എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിർദേശിച്ചു.

    ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ ജനിതക ശ്രേണീകരണം വർധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസ‌ലേഷനിലാണ്. നിർബന്ധമായും മാസ്ക് ധരിക്കണം. മൂന്ന് ലയർ മാസ്കോ എൻ–95 മാസ്കോ ധരിക്കാൻ ശ്രദ്ധിക്കണം. ശബരിമലയിൽ കഴിഞ്ഞ ദിവസം ചില ഇളവുകൾ അനുവദിച്ചിരുന്നു. അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

    സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകാൻ നടപടി എടുക്കണം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരിൽ പൊതുധാരണ ഉണ്ടാക്കണം. കോവിഡ് ധനസഹായം സമയബന്ധിതമായി പൂർത്തീകരിക്കാനും ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

    No comments

    Post Top Ad

    Post Bottom Ad