പച്ചക്കറിയുടെ തീവില: ‘ഊണിന് സാമ്പാർ നൽകാൻ കഴിയാത്ത അവസ്ഥ’, പകരം പുളിശ്ശേരിയും മീൻകറിയും*
ചീമേനി∙ പച്ചക്കറിയുടെ തീവില കാരണം ഊണിന് സാമ്പാർ നൽകാൻ കഴിയാത്ത അവസ്ഥയെന്ന് ഹോട്ടലുകാർ. പലരും സാമ്പാർ ഒഴിവാക്കി പുളിശ്ശേരിയും മീൻകറിയും നൽകുന്നു. പച്ചക്കറികൾ ഏറെ ഉപയോഗിച്ച് ഉണ്ടാക്കുന്ന മലയാളിയുടെ പ്രധാന കറിയായ സാമ്പാറാണ് ഹോട്ടലുകളിൽ നിന്ന് ഒഴിവാകുന്നത്.
സാമ്പാർ ഉണ്ടാക്കാൻ വേണ്ടി പ്രധാനമായും ഉപയോഗിക്കുന്ന വെണ്ടയ്ക്ക, തക്കാളി, കോവയ്ക്ക എന്നിങ്ങനെയുള്ള പച്ചക്കറികൾക്കെല്ലാം തീവിലയായതോടെയാണ് സാമ്പാർ ഒഴിവാക്കി പുളിശ്ശേരി വെയ്ക്കാൻ തുടങ്ങിയത്. സാമ്പാറിന് പകരം മീൻകറി വരെ പലയിടത്തും നൽകാൻ തുടങ്ങി. വെജിറ്റേറിയൻ ഹോട്ടലുകാർ പലരും സാമ്പാറിന് പകരം പരിപ്പ് കറിയാണ് നൽകുന്നത്. സാമ്പാറ്‍ ഉണ്ടാക്കി ഊണ് കൊടുക്കാൻ ഇപ്പോഴത്തെ വിലയ്ക്ക് കഴിയില്ലെന്നാണ് ഹോട്ടലുകാർ പറയുന്നത്.
അതിനിടെ സാധനങ്ങളുടെ വില കൂടിയതോടെ ഹോട്ടലുകളിൽ വില ഈടാക്കുന്നതിലും വർധന വന്നിരിക്കുകയാണ്. ജില്ലയിൽ ഹോട്ടലുകളിൽ ഏകീകൃത വില ഇല്ലാത്ത അവസ്ഥയാണ്. ഉഴുന്ന് വടയ്ക്ക് മിക്കയിടത്തും 10 രൂപയാണ് ഈടാക്കുന്നതെങ്കിൽ ചിലയിടത്ത് 15 രൂപ വരെ ഈടാക്കുന്നു. ഊണിന് 40 മുതൽ 60 വരെയാണ് വില.
No comments
Post a Comment