സ്കൂൾ പരിസരങ്ങളിലെ ലഹരിവില്പന തടയാൻ കർശന പരിശോധന
എഡിഎം കെ.കെ. ദിവാകരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരായ ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായി. കൂടുതല്‍ വനിതാ പോലീസ് ഓഫീസര്‍മാരെ പരിശോധനാ ടീമുകളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു.
വ്യാജ, അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജില്ലയില്‍ കര്‍ശന പരിശോധനകള്‍ നടത്തി വരികയാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ്. ഷാജി അറിയിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂം എക്സൈസ് ഡിവിഷന് ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും കോളനികളിലും പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. എല്ലാ റേഞ്ച് ഓഫീസുകളില്‍ നിന്നും ചുരുങ്ങിയത് രണ്ടുപേരെ ഉള്‍പ്പെടുത്തിയുള്ള ഇന്റലിജന്‍സ് ടീമും രംഗത്തുണ്ട്. കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നത് അവര്‍ വീണ്ടും ഈ മേഖലയില്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ജനകീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് മദ്യം, ലഹരി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനാല്‍ ടര്‍ഫുകളുടെ സമയക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തീരുമാനിച്ചു. കുട്ടികളിലെ സ്വഭാവ രൂപീകരണത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ ലഹരി ഉപയോഗം കണ്ടെത്താന്‍ സാധിക്കുമെന്നും അധ്യാപകര്‍ക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അഭിപ്രായമുയര്‍ന്നു. നഗരസഭാ അധ്യക്ഷരായ ബി. മുര്‍ഷിദ (തളിപ്പറമ്ബ്), ഡോ. കെ.വി. ഫിലോമിന (ശ്രീകണ്ഠപുരം), മദ്യ നിരോധന സമിതി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment