പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി തക്കാളി വണ്ടികള്‍
തിരുവനന്തപുരം : പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിരത്തിലിറങ്ങുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം തിരുവനന്തപുരം വികാസ് ഭവനില്‍ നടന്നു. തക്കാളി ഉള്‍പ്പെടെ പച്ചക്കറിയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തക്കാളി വണ്ടികള്‍ രംഗത്തിറക്കുന്നത്. തക്കാളി വണ്ടിയില്‍ ഒരു കിലോ തക്കാളിക്ക് 50 രൂപയാണ് വില. തക്കാളിക്കൊപ്പം മറ്റു പച്ചക്കറികളും വിലക്കുറവില്‍ ലഭിക്കും. രാവിലെ 7.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് തക്കാളി വണ്ടി പ്രവര്‍ത്തിക്കുക. കേരളത്തിലെ വിവിധയിടങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തക്കാളിയും മറ്റു പച്ചക്കറികളും സംഭരിച്ച് വിതരണം ചെയ്യാനാണ് കൃഷി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന വില്‍പനശാലകളും കൂടുതല്‍ ഔട്ട്ലെറ്റുകളും ആരംഭിക്കും. കൂടുതല്‍ സംഭരണ കേന്ദ്രങ്ങളില്‍ പച്ചക്കറി ശേഖരിച്ച് വില്‍പന നടത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി എട്ടു കോടി രൂപ പ്രത്യേകം അനുവദിച്ചു. വരും കാലത്ത് ഇത്തരം സാഹചര്യം മുന്‍കൂട്ടി കണ്ട് ഇടപെടല്‍ നടത്തുന്നതിന് കൃഷി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൃഷി ഡയറക്ടര്‍ കണ്‍വീനറായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പച്ചക്കറി വിതരണ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഒരു കരുതല്‍ ധനം കൃഷി ഡയറക്ടര്‍ക്ക് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഈ പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാന്‍ കൃഷിവകുപ്പിന് സാധിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി സംഭരിക്കുന്നതിനായി ഒരു സ്ഥിരം കമ്മിറ്റി കൃഷി ഡയറക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
40 ടണ്‍ പച്ചക്കറി വീതം പ്രതിദിനം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ ചില്ലറ വില്‍പന ശാലകളിലൂടെ വില്‍പന നടത്തുന്നുണ്ട്. 170 ടണ്‍ പച്ചക്കറി പ്രാദേശികമായി വി. എഫ്. പി. സി. കെ വഴി സംഭരിച്ച് വില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഞാനും കൃഷിയിലേക്ക് എന്ന കാമ്പയിന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. പച്ചക്കറി വിത്തുകളും തൈകളും പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യും. കൃഷി ചെയ്യുന്നതിനായി പതിനായിരം ഏക്കര്‍ അധികമായി കണ്ടെത്തിക്കഴിഞ്ഞു.
ക്രിസ്മസ്, പതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുതുവത്സര ക്രിസ്മസ് ചന്തകള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കും. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നു വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഓരോ വാര്‍ഡിലും പത്തു പേര്‍ അടങ്ങിയ കര്‍ഷക സംഘങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് പത്ത് സംഘങ്ങളെങ്കിലും ഉണ്ടാക്കാനാണ് ആലോചന. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 1937 വിപണന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
No comments
Post a Comment