Header Ads

  • Breaking News

    കുന്നത്തൂർപാടി മഹോത്സവം: പാടിയിൽ പണി നാളെ തുടങ്ങും

    ശ്രീകണ്ഠപുരം: കുന്നത്തൂർപാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായുള്ള പാടിയിൽ പണി വെള്ളിയാഴ്ച തുടങ്ങും. 24 മുതൽ ജനുവരി 16 വരെയാണ് ഉത്സവം നടക്കുക. കഴിഞ്ഞവർഷം കോവിഡ് വ്യാപനം മൂലം ഒരുദിവസത്തെ ചടങ്ങ് മാത്രമായാണ് നടത്തിയത്. എല്ലാവർഷവും 30 ദിവസങ്ങളിൽ നടത്തിയിരുന്ന ഉത്സവം ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ 24 ദിവസം മാത്രമേ നടത്തുന്നുള്ളൂവെന്ന് പരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

    ഉത്സവത്തിനുശേഷം ആർക്കും പ്രവേശനമില്ലാതിരുന്ന കുന്നത്തൂർ വനാന്തരത്തിലെ ദേവസ്ഥാനം കാടുവെട്ടിത്തെളിച്ച് ഉത്സവത്തിനൊരുക്കുന്ന ചടങ്ങുകളാണ് പാടിയിൽ പണി. 24-ന് താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി വെച്ചശേഷമാണ് പാടിയിൽ പ്രവേശിക്കുന്ന ചടങ്ങിന് തുടക്കമാകുക. പാടിയിലെ തിരുമുറ്റത്ത് തന്ത്രിയുടെ കാർമികത്വത്തിൽ നടക്കുന്ന ശുദ്ധികർമങ്ങൾക്കും കലശപൂജയ്ക്കും ശേഷം കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ ഉത്സവത്തിന് തുടക്കമാവും. ഉത്സവത്തിന്റെ ആദ്യദിവസം പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും.
    മറ്റ് ഉത്സവദിവസങ്ങളിൽ വൈകുന്നേരം 4.30-ന് ഊട്ടും വെള്ളാട്ടവും രാത്രി 9.30-ന് തിരുവപ്പനയും കെട്ടിയാടും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയുടെ കെട്ടിയാട്ടവുമുണ്ടാവും.


    No comments

    Post Top Ad

    Post Bottom Ad