ഇന്ത്യയിൽ ഒമിക്രോൺ ഫെബ്രുവരിയിൽ പാരമ്യത്തിൽ;റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരുടെ പേരുടെ ഫലം കാത്ത് കേരളം
“ഇതിനിടെ, മഹാരാഷ്ട്രയിൽ 2 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കേസുകൾ 23 ആയി. ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽനിന്നു മുംബൈയിലെത്തിയവർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 10 ഒമിക്രോൺ കേസുകളായി. രാജസ്ഥാൻ (9), കർണാടക (2), ഗുജറാത്ത് (1), ഡൽഹി (1) എന്നീ സംസ്ഥാനങ്ങളിലാണ് മറ്റുള്ളവർ.
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്യാനിടയുണ്ട്. രണ്ടാം തരംഗവുമായുള്ള താരതമ്യത്തിൽ വൈറസ് വ്യാപനത്തിന്റെ തോതും ആഘാതവും കുറവായിരിക്കുമെന്നും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനത്തിലുള്ള പ്രവചനം വ്യക്തമാക്കുന്നു. അതേസമയം, ഇത്തരം പ്രവചനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കാറില്ല.
ഒമിക്രോൺ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യപ്രവർത്തകർക്കു കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയായി. ശുപാർശ ആരോഗ്യമന്ത്രാലയത്തിനു കൈമാറുന്നതിനു മുൻപു സമിതി ഒരിക്കൽ കൂടി സ്ഥിതി വിലയിരുത്തും. നിലവിലുള്ള വാക്സീനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമാകുമോ എന്നറിയാൻ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കാനാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായത്.
രാജ്യത്തു ബൂസ്റ്റർ ഡോസ് അടിയന്തരമായി നൽകണമെന്ന ആവശ്യം ശക്തമാണ്. 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്നു കേന്ദ്ര സർക്കാർ സജ്ജമാക്കിയ ലാബുകളുടെ കൺസോർഷ്യം (ഇൻസകോഗ്) നിർദേശിച്ചിരുന്നു. കോവിഡിനെതിരെ ഇന്ത്യയിൽ 2021 ജനുവരി 16നാണ് കുത്തിവയ്പു തുടങ്ങിയത്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും മാത്രമായിരുന്നു വാക്സീൻ.
No comments
Post a Comment