സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷനും ബ്രണ്ണൻ കോളേജും മുന്നിൽ
കണ്ണൂർ സർവകലാശാല 26ാം ഇന്റർ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷനും വനിതാവിഭാഗത്തിൽ തലശേരി ഗവ. ബ്രണ്ണൻ കോളേജും മുന്നിൽ. മാങ്ങാട്ടുപറമ്പ് സർവകലാശാല ക്യാമ്പസിലെ സിന്തറ്റിക് സ്‌റ്റേഡിയത്തിൽ ആദ്യദിനം ഇരുവിഭാഗത്തിലുമായി 38 ഇനങ്ങളിലാണ് മത്സരം നടന്നത്. രണ്ട് മീറ്റ് റെക്കോഡും പിറന്നു. പുരുഷവിഭാഗത്തിൽ ആതിഥേയരായ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ 22 പോയിന്റുമായി കുതിക്കുകയാണ്. 17 പോയിന്റുള്ള തലശേരി ഗവ. ബ്രണ്ണൻ കോളേജ് പിന്നിലുണ്ട്. 11 പോയിന്റുള്ള പീപ്പിൾസ് മുന്നാടും കണ്ണൂർ എസ്‌എന്നുമാണ് മൂന്നാമത്. വനിതകളിൽ 41 പോയിന്റോടെ ഗവ. ബ്രണ്ണൻ കോളേജ് മുന്നേറുന്നു.
കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക വനിതാ കോളേജ് 11 പോയിന്റുമായി രണ്ടാമതും എട്ട് പോയിന്റുമായി സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ മൂന്നാമതുണ്ട്. മേളയിൽ പുരുഷവിഭാഗം ജാവലിൻ ത്രോയിൽ തലശേരി ബ്രണ്ണനിലെ നിബിൻ ജോൺ, വനിതാ വിഭാഗത്തിൽ ഡിസ്‌കസ് ത്രോയിൽ നെഹ്‌റു കോളേജിലെ സി പി തൗഫീറ എന്നിവർ റെക്കോഡുകൾ നേടി. നിബിൻ ജോൺ 2019–-20 വർഷത്തിൽ നേടിയ 57.52 മീറ്റർ മറികടന്ന് 59 മീറ്ററാക്കിയാണ് പുതിയ നേട്ടം. കായികമേള മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. പതാകയും ഉയർത്തി. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ കെ പി മനോജ്, കെ പി ഉണ്ണികൃഷ്ണൻ, സി അശോക് കുമാർ, സി പി മുഹാസ്, സ്‌റ്റംസ് കോളേജ് പ്രിൻസിപ്പൽ പി വി രവീന്ദ്രൻ, പി നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു. സമാപനദിവസമായ ചൊവ്വാഴ്‌ച 38 ഇനങ്ങളിൽ മത്സരം നടക്കും.
No comments
Post a Comment