ആമിനയ്ക്ക് നൽകിയ വാക്ക് യൂസഫലി പാലിച്ചു: ജപ്തി ഒഴിവാക്കി, ആമിനയ്ക്കും കുടുംബത്തിനും കിടപ്പാടം തിരിച്ച് കിട്ടി
കൊച്ചി : ‘ജപ്തിചെയ്യൂല്ലട്ടോ, ഞാൻ വേണ്ടത് ചെയ്യാം ട്ടാ’– എം.എ യൂസഫലി കാഞ്ഞിരമറ്റം സ്വദേശി ആമിനയ്ക്ക് നൽകിയ വാക്ക് പാലിച്ചു. ആമിന വായ്പ എടുത്ത ബാങ്കിൽ പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീർത്ത്, യൂസഫലി ആമിനയുടെ ജപ്തി ഒഴിവാക്കി. ആമിനയെ കണ്ട് മടങ്ങിയ ഉടൻ തന്നെ ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീർത്തു. ശേഷം ആമിനയുടെ വീട്ടിലെത്തിയ അധികൃതർ 50,000 രൂപയും ബാങ്കിൽ പണം അടച്ചതിന്റെ രസീതും കൈമാറി.
ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷിച്ചവർക്ക് നേരിട്ടെത്തി നന്ദി പറയാനെത്തിയപ്പോഴാണ് കാഞ്ഞിരമറ്റം സ്വദേശി ആമിന തന്റെ സങ്കടം യൂസഫലിയെ അറിയിച്ചത്. കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായാണ് ആമിന യൂസഫലിയെ കാണാനെത്തിയത്. തന്റെ സങ്കടം പറഞ്ഞ ആമിനയോട് വേണ്ടത് ചെയ്യുമെന്നും ഏത് ബാങ്കാണ് ജപ്തി ചെയ്യാൻ പോകുന്നതെന്ന് യൂസഫലി ചോദിച്ചു. മറുപടി പറഞ്ഞ ആമിനയോട് യൂസഫലി എത്ര രൂപയാണെന്ന് ചോദിച്ചു. അഞ്ചു ലക്ഷമെന്ന് മറുപടിയും വന്നു. ‘ജപ്തിചെയ്യൂല്ലട്ടോ, ഞാൻ വേണ്ടത് ചെയ്യാം ട്ടാ’– യൂസഫലി ഉറപ്പുകൊടുത്തു.
ഇത് ഏത് ബാങ്കാണെന്ന് ചോദിച്ച ശേഷം ആമിന നൽകിയ കടലാസ് പിടിച്ച് യൂസഫലി തന്റെ സഹായികളോട് പറഞ്ഞു: ‘ഈ ബാങ്കിൽ പോവുക, അന്വേഷിക്കുക. ജപ്തി പാടില്ല. കാശുകൊടുക്കുക ഡോക്യുമെന്റ് എടുത്ത് ഇവരുടെ കയ്യിൽകൊടുത്ത് എന്നെ അറിയിക്കുക’. അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത് കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജീവനക്കാർക്കു നിർദേശം നൽകിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു: ‘ജപ്തിയുണ്ടാകില്ല പോരേ’.
നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി.യൂസഫലി കാറിലേക്ക് കയറാൻ പോകുമ്പോഴായിരുന്നു ആമിന തന്റെ സങ്കടവുമായി എത്തിയത്. കയ്യിലുണ്ടായിരുന്ന കടലാസ് വാങ്ങിയ ശേഷം ‘ഞാൻ നോക്കാട്ടാ…എന്റെ ആളുവരുംട്ടാ…’ എന്ന് യൂസഫലി ആമിനയോട് പറഞ്ഞു. അവസാനം കാറിൽ കയറിയപ്പോഴും യൂസഫലി ആമിനയെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: ‘ഞാൻ പറഞ്ഞിട്ടുണ്ട്ട്ടാ’. കാറിൽ കയറി ഇരുന്ന ശേഷം ഇക്കാര്യം നാളെ തന്നെ ചെയ്യണമെന്ന് ഉദ്യോഗസ്ഥരോട് യൂസഫലി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എംഎ യൂസഫലിയുടെ ഇടപെടലില്‍ ബാങ്ക് ജപ്തി നോട്ടിസ് നൽകിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ ദമ്പതികൾ. 6 വർഷം മുൻപ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവർ വീടിരുന്ന 9 സെന്റ് ഈടു വച്ചാണ് ആമിനയും സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. അടുത്ത കാലം വരെ കുറഞ്ഞ വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അത് മുടങ്ങുവാന്‍ തുടങ്ങി. ഇതോടെയാണ് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യുമെന്ന് അറിയിച്ചത്.
No comments
Post a Comment