Header Ads

  • Breaking News

    ⭕ *ഇടനിലക്കാര്‍ ഔട്ട്: വാഹന പെര്‍മിറ്റ് മുതല്‍ ലൈസന്‍സ് വരെ എല്ലാം ഓണ്‍ലൈനായി കിട്ടും*


    മോട്ടോർവാഹന പെർമിറ്റുകൾ ഇനി ഓൺലൈനിൽ മാത്രം. വാഹന ഉടമകൾക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ മോട്ടോർവാഹന വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് പെർമിറ്റുകൾ ഡൗൺലോഡ് ചെയ്യാം. ഓട്ടോറിക്ഷ, ടാക്സി, കോൺട്രാക്റ്റ് കാരേജ്, ചരക്ക് വാഹനങ്ങൾ, വിദ്യാഭ്യാസ സ്ഥാപന വാഹനങ്ങൾ തുടങ്ങിയ പെർമിറ്റുകളെല്ലാം ഓൺലൈനിൽ പുതുക്കാം.

    നിലവിലെ പെർമിറ്റ് കാലാവധി തീരുംമുമ്പ് https://parivahan.gov.in-ൽ പ്രവേശിച്ച് ഫീസ് അടയ്ക്കണം. ഇതോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും അപ്ലോഡ് ചെയ്യണം. വായ്പയുള്ള വാഹനങ്ങൾ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള നിരാക്ഷേപപത്രവും ഇതോടൊപ്പം ഉൾക്കൊള്ളിക്കണം. ഓൺലൈനിൽ ഫീസ് അടയ്ക്കാം. പോസ്റ്റൽ ചാർജ് ആവശ്യമില്ല.

    24 മുതൽ പുതിയ സംവിധാനം നിലവിൽവരും. രേഖകളിൽ ക്രമക്കേടുണ്ടെങ്കിൽ മാത്രമേ അപേക്ഷ നിരസിക്കാൻ പാടുള്ളൂവെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആധാർ അധിഷ്ഠിത ഓൺലൈൻ സേവനങ്ങളും 24 മുതൽ നിലവിൽവരും. വാഹന ഉടമസ്ഥാവകാശ കൈമാറ്റം, ഉടമയുടെ വിലാസം മാറ്റൽ, എൻ.ഒ.സി., ഡ്യൂപ്ലിക്കേറ്റ് ആർ.സി., ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ-ഉൾക്കൊള്ളിക്കൽ എന്നിവയെല്ലാം ഓൺലൈനിലാകും.

    ഓൺലൈൻ അപേക്ഷ നൽകുമ്പോൾ 'ആധാർ ഓതന്റിക്കേഷൻ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. വാഹൻ വെബ്സൈറ്റിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തവർ അതേ നമ്പർ തന്നെയാണോ ആധാറിലുള്ളതെന്ന് ഉറപ്പുവരുത്തണം. നമ്പറുകൾ വ്യത്യസ്തമാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. ആധാർ അടിസ്ഥാനമാക്കി അപേക്ഷ നൽകുന്നവർ പഴയ ആർ.സി. ഓഫീസിൽ സമർപ്പിക്കേണ്ടതില്ല. വാഹനം വാങ്ങുന്നയാൾക്ക് കൈമാറാം.

    No comments

    Post Top Ad

    Post Bottom Ad