സ്ത്രീധന പ്രശ്നത്തിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീധന പ്രശ്നങ്ങളിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഒരു പ്രദേശത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടാകുമ്പോൾ കുടുംബശ്രീയുടെ ഇടപെടൽ ഉണ്ടാവണം. തിന്മയ്ക്കെതിരെ ശബ്ദമുയർത്താൻ കഴിയുന്നവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരണം. വിവാഹാലോചന ഘട്ടത്തിൽ സ്ത്രീധന ചർച്ച വന്നാൽ അതിന് എതിരെ പ്രതികരിക്കണം. വിവാഹ ശേഷമാണ് സ്ത്രീധന വിഷയം വരുന്നതെങ്കിൽ നാടിനെയാകെ ഇടപെടീക്കാനുള്ള ശ്രമം കുടുംബശ്രീയുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഏറ്റവും വലിയ സാമൂഹ്യ ഉത്തരവാദിത്തമാണത്. സമൂഹത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ശക്തികളും ഇതിൽ കുടുംബശ്രീയ്ക്കൊപ്പം അണിചേരും. ഇത്തരം തിൻമകൾക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ സംവിധാനവും ഒപ്പം ഉണ്ടാവുമെന്ന്’ മുഖ്യമന്ത്രി വ്യക്തമാക്കി.
‘തെറ്റിനെതിരെ പ്രതികരിക്കാൻ ഓരോ യുവതിയെയും പ്രാപ്തമാക്കണം. സമൂഹത്തിന്റെ പൊതുബോധം ഉയർത്തുന്നതിനുള്ള ഇടപെടലുകളാണ് ആവശ്യം. നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ചയുടെ ഫലമായി സ്ത്രീകൾക്ക് സമൂഹത്തിൽ വലിയ തോതിൽ മുന്നേറാൻ കഴിഞ്ഞു. ഇന്ന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. എന്നാൽ മുമ്പ് അങ്ങനെയായിരുന്നില്ല. ഒരു കാലത്ത് കുട്ടിത്തം മാറും മുമ്പേ വിവാഹം നടത്തുന്ന സാഹചര്യമായിരുന്നു. ചെറുപ്പത്തിലേ വിധവയായാലും പുനർവിവാഹനവും സാധ്യമായിരുന്നില്ല. പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്ക് അവകാശവും നൽകിയിരുന്നില്ല. പെൺകുട്ടികൾക്ക് വലിയ തോതിൽ വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെല്ലാമെതിരെ വലിയ പ്രക്ഷോഭം സമൂഹത്തിൽ ഓരോ ഘട്ടത്തിലും ഉയർന്നു വന്നിട്ടുണ്ട്. ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ചു നിന്ന് വിവിധ മാറ്റങ്ങൾക്കായി ശ്രമിച്ച ചരിത്രമാണ് കേരളത്തിൽ കാണാനാവുക. കർഷക തൊഴിലാളികൾക്കും കൃഷിക്കാർക്കും മറ്റു തൊഴിലാളികൾക്കുമെല്ലാം നേട്ടം സ്വന്തമാക്കാനായത് കൂട്ടായി നിന്ന് പ്രവർത്തിച്ചതിനാലാണ്. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, അയ്യൻകാളി, അയ്യാവൈകുണ്ഠ സ്വാമി തുടങ്ങിയ സാമൂഹ്യ പരിഷ്‌കർത്താക്കൾ വിവിധ രീതികളിൽ സമൂഹത്തിന്റെ തിന്മകൾക്കെതിരെ പോരാട്ടത്തിന് നേതൃത്വം നൽകി. സംസ്ഥാനത്ത് ഇവരുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുടർച്ചയുണ്ടായി. ദേശീയ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നവോത്ഥാന മുദ്രാവാക്യം ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി വലിയ തോതിലുള്ള ഇടപെടൽ വർഗസമരത്തിന്റെ രൂപത്തിൽ കേരളത്തിൽ രൂപപ്പെട്ടു. കൃത്യമായ പിന്തുടർച്ച കേരളത്തിൽ ഉണ്ടായതിനാലാണ് ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്ന്’ മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരിൽ നിരവധി പരാതികളാണ് ഉയർന്നു വരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ‘സ്ത്രീധനത്തിനെതിരെ യുവാക്കളും മുന്നോട്ടു വരണം. സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലികൾക്ക് അതിന്റേതായ മൂല്യമുണ്ട്. ഇരുവരും ചേർന്ന് കുടുംബത്തെ പോറ്റുന്നു എന്ന തരത്തിൽ ജനാധിപത്യപരമായ ചിന്ത പുരുഷന് ഉണ്ടാവണമെന്ന്’ മന്ത്രി അറിയിച്ചു.
No comments
Post a Comment