അച്ഛനെയും മകളെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം: കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ മതിയാവൂയെന്ന് സര്‍ക്കാരിനോട് കോടതി
കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച പരിഗണിക്കുമ്പോള്‍ പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോയെന്ന കാര്യം കോടതിയെ അറിയിക്കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. കുട്ടിയുടെ അച്ഛന്‍ തന്റെ നഷ്ടം നിയമപരമായി നേടിയെടുക്കട്ടെ, പക്ഷേ കുട്ടിക്കുള്ള നഷ്ടപരിഹാരം കൊടുത്തേ മതിയാവൂയെന്നതാണ് നിലപാടെന്ന് കോടതി വ്യക്തമാക്കി.
ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. സ്ഥലംമാറ്റം ശിക്ഷയാകില്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്താണെന്നും കോടതി ചോദിച്ചു. ഡിജിപി ഈ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നത് ദോഷം ചെയ്യുമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകന്‍ എന്തിനാണ് വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.
ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍.ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെന്ന് ജയചന്ദ്രന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ കണ്ടെത്തി.
No comments
Post a Comment