കേരളത്തില്‍ ഒമിക്രോണ്‍ സമൂഹവ്യാപനമെന്ന് വിദഗ്ധര്‍: രോഗംബാധിച്ചവരില്‍ 58ശതമാനവും 2 ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍
തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണില്‍ സമൂഹ വ്യാപനമെന്ന് ആരോഗ്യ വിദഗ്ധര്‍. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോയാണ് രോഗം പിടിപ്പെടുന്നവരാണ് ഏറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗ്ധര്‍ ഉറപ്പിക്കാന്‍ കാരണം. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 58 ശതമാനം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് ഉയര്‍ന്ന നിലയിലാണ്. രണ്ടാം തരംഗത്തില്‍ 29.5 ശതമാനമായിരുന്ന ടിപിആര്‍ ഇപ്പോള്‍ 35.27 ശതമാനത്തിലാണ്. സംസ്ഥാനത്ത് പരിശോധിക്കുന്ന മൂന്നിലൊരാള്‍ക്ക് രോഗം എന്ന അവസ്ഥയാണ് നിലവില്‍. ഒരു ഡോസ് വാക്‌സിനെടുത്ത എട്ട് ശതമാനം പേരെ കൊവിഡ് ബാധിച്ചു. വാക്‌സിനെടുത്തിട്ടില്ലാത്ത 25 ശതമാനം പേര്‍ക്കാണ് രോഗം. രണ്ട് ഡോസ് വാക്‌സിനും എടുത്തവരില്‍ പ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തുടങ്ങി.
ജനുവരി 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ ശരാശരി 79,456 കേസുകള്‍ ചികിത്സയില്‍ ഉണ്ടായിരുന്നതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നത്. എന്നാല്‍ നിലവില്‍ ഇത് 41 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 10 ശതമാനമാണ് വെന്റിലേറ്റര്‍ ചികിത്സ ആവശ്യമായി വരുന്നത്. ഐസിയു സംവിധാനങ്ങള്‍ വേണ്ടവരുടെ എണ്ണം 29 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം ഒമിക്രോണ്‍ പരിശോധനയ്ക്കുള്ള എസ് ജീന്‍ കണ്ടെത്താനുള്ള പിസിആര്‍ കിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി.
No comments
Post a Comment