അതിരടയാളകല്ലുകള്‍ വീണ്ടും പിഴുതുമാറ്റി, സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ക്ക് റീത്ത് വെച്ചു
കണ്ണൂര്‍: മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റി. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ച നിലയില്‍ കണ്ടെത്തി. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണിത്. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു. പൊലീസ് സഹായത്തോടെയാണു സര്‍വേ പൂര്‍ത്തീകരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുതിയ സംഭവം ശ്രദ്ധയില്‍ പെട്ടത്.
പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മാടായിപ്പാറയില്‍ നേരത്തെയും സര്‍വേക്കല്ല് പിഴുതു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപത്തെ സര്‍വേ കല്ലുകളാണ് പിഴുതു കളഞ്ഞത്. പാറക്കുളത്തിനരികില്‍ കുഴിച്ചിട്ട എല്‍ 1993 നമ്പര്‍ സര്‍വേക്കല്ലാണു സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയില്‍പെട്ടത്.
നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു. എന്നാല്‍ കല്ല് പിഴുതതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണു മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും വ്യക്തമാക്കിയത്.
No comments
Post a Comment