*കണ്ണൂർ ജില്ല എ വിഭാഗത്തിൽ; നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവ്*
- കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം കൺട്രോൾ റൂം വഴി
കൊവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം ജനവരി 23 മുതൽ കണ്ണൂർ ജില്ലയെ കാറ്റഗറി എ യിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവായി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി കണ്ണൂർ ജില്ല എ കാറ്റഗറിയിൽ ഉൾപ്പെടുന്നതായുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനവരി 24 മുതൽ കൊവിഡ് രോഗികളുടെ പ്രവേശനം ജില്ലാ കൺട്രോൾ റൂം മുഖേന മാത്രമായിരിക്കും. കാറ്റഗറി സി കൊവിഡ് രോഗികളെ മാത്രമേ ഇങ്ങനെ പ്രവേശിപ്പിക്കുകയുള്ളൂ. രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കാറ്റഗറി സിയിൽ വരുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ജില്ലാ ദുരന്ത നിവാരണ സമിതി യോഗ തീരുമാന പ്രകാരമാണ് ആശുപത്രിയിലെ നിയന്ത്രണം.
പുതിയ ഉത്തരവ് പ്രകാരം എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സംസ്‌കാരിക, സമുദായിക പൊതു പരിപാടികളിലും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും പരമാവധി 50 പേരിൽ കൂടുതൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.
ഈ നിയന്ത്രണങ്ങൾ 23 മുതൽ ജനവരി 30 വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയോ നിലവിൽ ഉണ്ടായിരിക്കും.
No comments
Post a Comment